ഏഷ്യൻ ഗെയിംസിൽ മലയാളി താരം ആൻസി സോജന് വെള്ളി

Sep 27, 2026 - 14:37
 0  2
ഏഷ്യൻ ഗെയിംസിൽ മലയാളി താരം ആൻസി സോജന് വെള്ളി

ഏഷ്യൻ ഗെയിംസ് ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളിമെഡൽ. ആവേശകരമായ പോരാട്ടത്തിനൊടുവിൽ 6.53 മീറ്റർ ദൂരം ചാടിയാണ് ആൻസി അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. സ്വർണ പ്രതീക്ഷയോടെ അവസാന ശ്രമം വരെ മത്സരത്തിൽ മുന്നിലായിരുന്ന ആൻസിയെ, ആറാം ശ്രമത്തിൽ 6.55 മീറ്റർ ചാടിയ ചൈനീസ് താരം യിങ്ഗിങ് ഹുവാങ് അവസാന നിമിഷമാണ് മറികടന്നത്.

ആദ്യശ്രമം മുതൽ മികച്ച പ്രകടനമാണ് ആൻസി പുറത്തെടുത്തത്. ആദ്യ ശ്രമത്തിൽ 6.49 മീറ്റർ ചാടിയ താരം, മൂന്നാം ശ്രമത്തിൽ 6.46 മീറ്റർ കണ്ടെത്തി. മത്സരത്തിൽ ഉടനീളം വ്യക്തമായ ആധിപത്യം പുലർത്തിയ ആൻസി, അഞ്ചാം ശ്രമത്തിൽ 6.53 മീറ്റർ ചാടി സ്വന്തം നില ഭദ്രമാക്കിയിരുന്നു. എന്നാൽ അവസാന നിമിഷം ചൈനീസ് താരം സ്വർണം തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും 6.63 മീറ്റർ ചാടി ആൻസി വെള്ളി മെഡൽ നേടിയിരുന്നു.

വനിതകളുടെ ലോങ് ജംപിൽ ഇന്ത്യയുടെ മെഡൽ വേട്ടയിൽ നിർണായക സാന്നിധ്യമാണ് ആൻസി സോജൻ. 2002-ൽ അഞ്ജു ബോബി ജോർജ് സ്വർണം നേടിയതിന് ശേഷം ഈ ഇനത്തിൽ ഇന്ത്യക്കായി തിളങ്ങുന്ന പ്രകടനമാണ് ആൻസി കാഴ്ചവെയ്ക്കുന്നത്.

22 വർഷം പഴക്കമുള്ള അഞ്ജുവിന്റെ ദേശീയ റെക്കോർഡ് ഇക്കഴിഞ്ഞ ജൂണിൽ ഭുവനേശ്വറിൽ നടന്ന അന്തർസംസ്ഥാന മീറ്റിൽ 6.88 മീറ്റർ ചാടി ആൻസി തിരുത്തിക്കുറിച്ചിരുന്നു. ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ വെള്ളിയും ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിലെ വെങ്കലവുമെല്ലാം അടങ്ങുന്ന മികച്ച കരിയറിലേക്കാണ് ഈ ഏഷ്യൻ ഗെയിംസ് വെള്ളിയും താരമെത്തിച്ചിരിക്കുന്നത്.