മാസപ്പടി കേസ്: ഇഡി ഉദ്യോഗസ്ഥർ പിണറായി വിജയന്റെ വീട്ടിൽ; ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകണം, സമൻസ് പതിപ്പിച്ചു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ. മാസപ്പടി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമൻസ് പിണറായി വിജയന്റെ വീടിന്റെ ഭിത്തിയിൽ പതിപ്പിച്ചു. ഈ മാസം 23ന് ഹാജരാകണമെന്നാണ് നിർദ്ദേശം. ഇഡി ഉദ്യോഗസ്ഥർ എത്തിയപ്പോൾ പിണറായി വിജയൻ വീട്ടിൽ ഉണ്ടായിരുന്നില്ല. നോട്ടീസ് പതിച്ച ശേഷം ഇഡി ഉദ്യോഗസ്ഥർ മടങ്ങി.
സി.എം.ആർ.എൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പുതുതായി രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് സമൻസിൽ പിണറായി വിജയന് നിർദേശം നൽകിയിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസുകളുടെ പശ്ചാത്തലത്തിൽ, രണ്ട് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുകളാണ് (ഇ.സി.ഐ.ആർ) ഇ.ഡി തയ്യാറാക്കിയിട്ടുള്ളത്.
മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ അധികാരദുർവിനിയോഗം നടത്തി മകൾ വീണ, എക്സാലോജിക് കമ്പനി എന്നിവർക്ക് ഉൾപ്പെടെ 3.28 കോടി രൂപയുടെ സാമ്പത്തിക നേട്ടമുണ്ടാക്കി എന്നതാണ് ആദ്യ കേസിലെ പ്രധാന ആരോപണം. മന്ത്രിയായിരിക്കെ അനധികൃതമായി സമ്പാദിച്ച കോടിക്കണക്കിന് രൂപ ഭാര്യ വീണയുമായി ചേർന്ന് ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് രണ്ടാം കേസിൽ സംശയ നിഴലിൽ നിൽക്കുന്നത്.