സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ടുശതമാനം ഡിഎ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ടുശതമാനം ക്ഷാമബത്തയും (ഡിഎ), ക്ഷാമാശ്വാസവും (ഡിആർ) അനുവദിച്ച് സംസ്ഥാന സർക്കാർ. നവംബർ ഒന്നിന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടുമൊപ്പം ഇത് ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മാസംതോറും 96 കോടി രൂപയാണ് സർക്കാരിന് അധിക ബാധ്യതയായി വരിക. ഇത് യാഥാർഥ്യമാകുന്നതോടെ ഡിഎ 37 ശതമാനമാകും.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സർവീസ് പെൻഷൻകാർക്കും ആശ്വാസമേകുന്നതാണ് സർക്കാരിൻ്റെ തീരുമാനം.
പുതുക്കിയ നിരക്കിലുള്ള ഡിഎയും ഡിആറും നവംബർ ഒന്നിനു വിതരണം ചെയ്യുന്ന ഒക്ടോബർ മാസത്തെ ശമ്പളത്തോടും പെൻഷനോടുമൊപ്പം പണമായി തന്നെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും. നവംബർ ഒന്നിന് വിതരണം ചെയ്യേണ്ട ശമ്പള ബില്ലുകളിൽ പുതിയ ഡിഎ നിരക്കുകൾ ഉൾപ്പെടുത്തുന്നതിനായി ട്രഷറി- സ്പാർക്ക് സോഫ്റ്റ്വെയറുകളിൽ അടിയന്തര സാങ്കേതിക അപ്ഡേഷനുകൾ പൂർത്തിയാക്കാൻ ധനവകുപ്പ് നിർദ്ദേശം നൽകി.
ഡിഎ വിതരണത്തിൽ മുൻകാലങ്ങളിലുണ്ടായ വീഴ്ചകൾ പരിഹരിക്കപ്പെടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സർവീസ് സംഘടനകൾ. 2019 മുതലുള്ള ഒരു ഡിഎ ഗഡുവിന് പോലും മുൻ എൽഡിഎഫ് സർക്കാർ ജീവനക്കാർക്ക് കുടിശ്ശിക അനുവദിച്ചിരുന്നില്ലെന്നാണ് സംഘടനാ നേതാക്കളുടെ പരാതി.
അധികാരത്തിലെത്തിയാൽ ഡിഎ കുടിശ്ശിക ഘട്ടംഘട്ടമായി അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുമെന്നും ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്ന സമീപനം സർക്കാരിനില്ലെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ അഭിപ്രായപ്പെട്ടിരുന്നു.
സെപ്റ്റംബർ മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ വിതരണം കഴിഞ്ഞ മാസം 24 മുതൽ ആരംഭിച്ചിരുന്നു. പെൻഷൻ തുക ഗുണഭോക്താക്കളിലേക്ക് പൂർണമായും എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ആകെ 1,068.79 കോടി രൂപ അനുവദിച്ചിരുന്നത്.
അർഹരായ വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ, കർഷകത്തൊഴിലാളികൾ എന്നിവർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷനായി 957.93 കോടി രൂപയാണ് സർക്കാർ മാറ്റിവച്ചത്. വിവിധ അസംഘടിത മേഖലകളിലെ തൊഴിലാളികൾ ഉൾപ്പെടുന്ന ക്ഷേമനിധി ബോർഡുകൾ വഴിയുള്ള വിതരണത്തിനായി 110.86 കോടി രൂപയും അനുവദിച്ചു.