കൊള്ളക്കാരനാണെന്ന് അറിഞ്ഞോണ്ടല്ല പരിചയപ്പെടുന്നത്, പോറ്റി അന്ന് ഉപഹാരമായി തന്നത് ഡേറ്റ്‌സ്, അത് ചുറ്റുമുള്ളവര്‍ക്ക് കൊടുത്തു; അടൂര്‍ പ്രകാശ്

Jan 23, 2026 - 13:10
 0  4
കൊള്ളക്കാരനാണെന്ന് അറിഞ്ഞോണ്ടല്ല പരിചയപ്പെടുന്നത്, പോറ്റി അന്ന് ഉപഹാരമായി തന്നത് ഡേറ്റ്‌സ്, അത് ചുറ്റുമുള്ളവര്‍ക്ക് കൊടുത്തു;  അടൂര്‍ പ്രകാശ്

ശബരിമലകൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ച് വിശദീകരിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കൊള്ളക്കാരനാണെന്ന് അറിഞ്ഞോണ്ടല്ല പരിചയപ്പെടുന്നതെന്നും ചില ചാനലുകള്‍ പറയുന്ന പോലെയാണോ കേരളത്തിലെ രാഷ്ട്രീയമെന്നും അടൂര്‍ പ്രകാശ് ചോദിച്ചു.

 റിപ്പോര്‍ട്ടര്‍ ടിവിയെ പരാമര്‍ശിച്ച് ‘മരം മുറി ‘ചാനല്‍ രാവിലെ മുതല്‍ തനിക്കെതിരെയാണെന്നും മോശക്കാരനാക്കാന്‍ ശ്രമം നടന്നാലും വില പോകില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

എംപിയായ ശേഷമാണ് അന്നദാനവുമായി ബന്ധപ്പെട്ട് പോറ്റി വന്ന് കാണുന്നതെന്നും വീട്ടില്‍ പോയി എന്നത് സത്യാവസ്ഥയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പോറ്റിയുടെ സഹോദരി താമസിക്കുന്ന വീട്ടിലും പോയിട്ടുണ്ട്. രമണി പി നായര്‍ക്കൊപ്പമാണ് പോയതെന്നും ആറ്റിങ്ങള്‍ എംപിയായ ശേഷമാണ് പോറ്റിയുമായി ബന്ധമെന്നും അടൂര്‍ പ്രകാശ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊള്ളക്കാരനാണെന്ന് അറിഞ്ഞോണ്ടല്ല പരിചയപ്പെടുന്നത്. ചില ചാനലുകള്‍ പറയുന്ന പോലെയാണോ കേരളത്തിലെ രാഷ്ട്രീയമെന്ന് ചോദിച്ച അടൂര്‍ പ്രകാശ് പോറ്റി അന്ന് ഉപഹാരമായി തന്നത് ഡേറ്റ്‌സ് ആണെന്നും അത് ചുറ്റുമുള്ളവര്‍ക്ക് കൊടുത്തുവെന്നും പറഞ്ഞു. കൊള്ളയുടെ പങ്ക് ഒന്നുമല്ല തന്നതെന്നും അടൂര്‍ പ്രകാശ് വിശദീകരിച്ചു. കൈയില്‍ തന്ന കവര്‍ പോറ്റിയുടെ സഹോദരിയുടെ മകളുടെ ചടങ്ങുമായി ബന്ധപ്പെട്ട ക്ഷണമാണ്. അതിനാണ് പിന്നീട് അവരുടെ വീട്ടില്‍ പോയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

താന്‍ വഴിയല്ല സോണിയ ഗാന്ധിയുടെ അടുത്ത് പോറ്റി എത്തിയത്. താന്‍ വഴിയാണ് പോറ്റി സോണിയയെ കണ്ടതെന്നത് തെറ്റാണെന്നും, സോണിയയുടെ അപ്പോയ്ന്‍മെന്റ് ഉണ്ടെന്ന് അറിയിക്കുകയും കൂടെ ചെല്ലാമോയെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ചോദിച്ചപ്പോഴാണ് പോയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. എന്താണ് ചടങ്ങെന്ന് കൃതൃമായി ഓര്‍ക്കാനാകുന്നില്ല. രമേഷ് ബാബുവിനെ അറിയില്ല. ഒപ്പം വന്നു കണ്ടവരെയും പരിചയമില്ല. താന്‍ നിത്യസന്ദര്‍ശകനാണെന്നു പറഞ്ഞ പോറ്റിയുടെ അയല്‍ക്കാരന്‍ പെയ്ഡ് സാക്ഷിയാകാമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

പോറ്റിയുമായുള്ള ബന്ധം പറഞ്ഞ് തന്നെ ഏതൊക്കെ തരത്തില്‍ മോശമാക്കാന്‍ ആരൊക്കെ ശ്രമിച്ചാലും അത് വിലപ്പോവില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് തന്നെ നന്നായി അറിയാം. കേരളത്തിലെ ജനം എല്ലാകാര്യങ്ങള്‍ മനസിലാക്കുന്നവരും വിലയിരുത്തുന്നവരുമാണ്. ഇതേചൊല്ലി പാര്‍ട്ടിയില്‍ ആശങ്കയില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പോറ്റിയെ ആദ്യമായി കാണുന്നത് 2019ലാണ്. അന്ന് താന്‍ എംപിയായിരുന്നു. ശബരിമലയിലെ അന്നദാനവുമായി ബന്ധപ്പെട്ട ചടങ്ങിനെത്താനായി ക്ഷണിച്ചുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് അടൂര്‍ പ്രകാശിന്റെ വിശദീകരണം. അടൂര്‍ പ്രകാശിന് ഉപഹാരം കൈമാറുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ അടൂര്‍ പ്രകാശ് കൂടുതല്‍ കുരുക്കിലായി. പോറ്റിയുടെ സുഹൃത്തുക്കളായ രമേശ് റാവുവും അനന്തസുബ്രമണ്യവും ചിത്രത്തില്‍ ഉണ്ട്. ബാംഗ്ലൂരില്‍ വെച്ച് നടന്ന ചടങ്ങാണെന്നാണ് ലഭ്യമാകുന്ന വിവരം.  .