കൊച്ചി: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം (എസ്ഐആർ) മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. സൂപ്രീം കോടതിയെ സമീപിക്കുന്നതാവും ഉചിതമെന്ന് ഹർജി പരിഗണിച്ച ജസ്റ്റീസ് വി.ജി അരുൺ നിരീക്ഷിച്ചു. മറ്റു സംസ്ഥാനങ്ങളുടെ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് തിരഞ്ഞെടുപ്പും വോട്ടർ പട്ടിക പരിഷ്ക്കരണവും ഒരുമിച്ച് വരുന്നത് ബുദ്ധിമുട്ടാണെന്നും 1,76000 ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാണെന്നും ഭരണസ്തംഭനം ഉണ്ടാവുമെന്നും സർക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും വാദം കോടതി കണക്കിലെടുത്തില്ല. സർക്കാരിന്റെ ഹർജിയെ കേന്ദ്ര സർക്കാർ കോടതിയിൽ എതിർത്തു.
എസ്ഐആർ നവംബർ 4ന് തുടങ്ങിയെന്നും ഇടയ്ക്ക് മാറ്റിവച്ചാൽ പ്രതിസന്ധി ഉണ്ടാവമെന്നും കേന്ദ്രം കോടതിയെ ബോധിപ്പിച്ചു. മറ്റു പതിനൊന്ന് സംസ്ഥാനങ്ങളിൽ എസ്ഐആർ തുടരുകയാണെന്നും കേരളം എസ്ഐആർ മാറ്റി വയ്ക്കാൻ പറയുന്ന ന്യായം തൃപ്തികരമല്ലെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി വ്യക്തമാക്കി