തിരുവനന്തപുരം: പോലീസ് അതിക്രമത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. അദ്ദേഹത്തിൻ്റെ മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചതായി സിടി സ്കാൻ റിപ്പോർട്ടിൽ പറയുന്നു.
ഇടത് ഭാഗത്തും വലതുഭാഗത്തും ഉള്ള എല്ലുകൾക്കാണ് പൊട്ടൽ സംഭവിച്ചത്. നിലവിൽ ഷാഫി ഐസിയുവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, ഏതാനും ദിവസങ്ങൾ കൂടി അദ്ദേഹം ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം ഷാഫി പറമ്പിലിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധങ്ങൾ തുടരുകയാണ്. പലയിടത്തും പ്രതിഷേധ പ്രകടനങ്ങൾ സംഘർഷത്തിൽ കലാശിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. ബാരിക്കേഡ് ഇളക്കി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡിൽ ടയർ കത്തിക്കാനുള്ള ശ്രമം നേതാക്കളും പോലീസും ഇടപെട്ട് തടയുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.