വാഴത്തോപ്പിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ജോർജുകുട്ടി; പുത്തൻ അപ്‌ഡേറ്റുമായി 'ദൃശ്യം 3'

Feb 14, 2026 - 15:30
 0  9
വാഴത്തോപ്പിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ജോർജുകുട്ടി; പുത്തൻ അപ്‌ഡേറ്റുമായി 'ദൃശ്യം 3'
വീട്ടുമുറ്റത്തെ വാഴകൾക്കിടയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ജോർജുകുട്ടി. കൈലിമുണ്ടും ഷർട്ടും വേഷം. ഒരു സാധാരണക്കാരൻ്റെ രൂപം. മനസിൽ സംഘർഷങ്ങൾ ഏറെയെന്ന് വ്യക്തമാക്കുന്ന മുഖഭാവം.
പ്രേക്ഷകർ നെഞ്ചോടു ചേർത്ത മോഹൻലാൽ കഥാപാത്രം ജോർജുകുട്ടിയുടെ പുതിയ ലുക്കോടെ 'ദൃശ്യം 3' പുതിയ പോസ്റ്റർ എത്തി.
ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിക്കുന്നു.
'ദൃശ്യം 3' ഇതിനകം പ്രീ-ബിസിനസിൽ 350 കോടി രൂപ നേടിയിട്ടുണ്ടെന്ന് നിർമാതാവ് എം. രഞ്ജിത്ത് (രജപുത്ര രഞ്ജിത്ത്) വെളിപ്പെടുത്തിയിരുന്നു. ഒരു മലയാള സിനിമ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ബിസിനസാണിത്. നിർമ്മാണത്തിലിരിക്കെ ഒരു ഇന്ത്യൻ പ്രാദേശിക ഭാഷാ ചിത്രത്തിനും ഇത്രയും വലിയ വരുമാനം ലഭിച്ചിട്ടില്ലെന്ന് നിർമ്മാതാവ് എടുത്തുപറഞ്ഞു.
മുൻകാല റെക്കോർഡ് ഭേദിച്ച മലയാള ബ്ലോക്ക്ബസ്റ്ററുകൾ പൂർണ്ണമായും തിയേറ്ററുകളിൽ പ്രദർശനം നടത്തിയതിനുശേഷവും കിട്ടിയ വരുമാനം ഇപ്പോൾ 'ദൃശ്യം 3' പൂർത്തിയാകുന്നതിന് മുമ്പ് നേടിയതിനേക്കാൾ കുറവാണ്.
ഉയർന്ന നിലവാരമുള്ള സിനിമകളുടെ എണ്ണവും കേരളത്തിലെ മികച്ച തിയറ്റർ സൗകര്യങ്ങളും വർദ്ധിച്ചുവരുന്നതിനാൽ മലയാള സിനിമ അവിശ്വസനീയമായ ഉയരങ്ങളിലെത്തിയിട്ടുണ്ടെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
സിനിമകൾ വാണിജ്യപരമായി വിജയിക്കുമ്പോൾ, ആത്യന്തികമായി ഏറ്റവും വലിയ സാമ്പത്തിക നേട്ടം സർക്കാരിനാണ് ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.