കരിങ്കടലിൽ തുർക്കി കമ്പനിയുടെ എണ്ണക്കപ്പലിനെ ആക്രമിച്ചു

Mar 26, 2026 - 19:09
 0  5
കരിങ്കടലിൽ തുർക്കി കമ്പനിയുടെ എണ്ണക്കപ്പലിനെ ആക്രമിച്ചു

അങ്കാറ: റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണയുമായി പോവുകയായിരുന്ന തുർക്കി കമ്പനി നിയന്ത്രിക്കുന്ന എണ്ണക്കപ്പലിന് നേരേ കരിങ്കടലിൽ ആക്രമണം. സിയറ ലിയോൺ പതാകയുള്ള കപ്പലാണ് ആക്രമണത്തിനിരയായത്. കപ്പലിന്‍റെ എൻജിൻ റൂമിൽ വ്യാഴാഴ്ച പുലർച്ചെയാണ് സ്ഫോടനമുണ്ടായതെന്ന് തുർക്കി ഗതാഗതമന്ത്രി അബ്ദുൾ കാദിർ ഉറലോലൂ അറിയിച്ചു.

കപ്പലിനെ പൂർണ്ണമായും പ്രവർത്തനരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൻജിൻ റൂമിന് നേരേ ആക്രമണം നടന്നതെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഡ്രോണിന് പകരം ജലനിരപ്പിലൂടെ സഞ്ചരിക്കുന്ന ആളില്ലാ ഉപരിതല വാഹനം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് സംശയിക്കുന്നു.

ബോസ്ഫറസ് കടലിടുക്കിൽ നിന്ന് 30 കിലോമീറ്ററിൽ താഴെ മാത്രം ദൂരത്താണ് സംഭവം നടന്നത്. സംഭവസ്ഥലത്തേക്ക് അടിയന്തര സഹായത്തിന് പ്രത്യേക യൂണിറ്റുകളെ അയച്ചിട്ടുണ്ട്. റഷ്യ-യുക്രൈയ്ൻ യുദ്ധം ആരംഭിച്ച ശേഷം കരിങ്കടൽ ഒരു യുദ്ധമേഖലയായി മാറുന്നതിൽ തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് എർദോഗൻ നേരത്തേ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു