ഇന്ത്യ-യു എസ് വ്യാപാര കരാർ യാഥാർഥ്യമാകുമ്പോൾ
യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരകരാർ യാഥാർഥ്യമായതിനു തൊട്ടുപിന്നാലെ ഇന്ത്യ- എസ് വ്യാപാരകരാറും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഈ കരാർ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ.
ചൊവ്വാഴ്ച്ച ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ ഡി എ പാര്‍ലമെന്ററി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് സ്ഥിരീകരിക്കുകയും കരാര്‍ ഇന്ത്യക്ക് വലിയ നേട്ടമാണെന്ന് അവകാശപ്പെടുകയും ചെയ്തു. ആഗോളതലത്തില്‍ വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും കരാര്‍ വഴി ഇന്ത്യക്ക് അനുകൂലമായ നിലപാട് സൃഷ്ടിക്കാന്‍ സാധിച്ചതായും മോദി പറയുന്നു. തിങ്കളാഴ്ച രാത്രി മോദിയും ട്രംപും തമ്മില്‍ അരമണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തിനു പിന്നാലെയാണ് കരാർ ധാരണയിലെത്തിയത്.
ഇന്ത്യ-യു.എസ്. വ്യാപാരകരാർ തയ്യാറായെന്ന് രാജ്യം അറിഞ്ഞത് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ വെളിപ്പെടുത്തിയപ്പോഴാണ്. ഏകപക്ഷീയമായ ആ പ്രഖ്യാപനം സ്ഥിരീകരിക്കുകയാണ് ഇന്ത്യൻ നേതാക്കൾ ചെയ്തത്. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി കരാർ പ്രഖ്യാപിച്ചതായി ചൂണ്ടിക്കാണിച്ച് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ സർക്കാരിനെതിരേ രംഗത്തുണ്ട്.
കരാർ വ്യവസ്ഥകളിൽ ഇന്ത്യയുടെ താത്പര്യങ്ങൾ അവഗണിക്കപ്പെട്ടു എന്നതാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനു കീഴടങ്ങിയെന്നു കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. എന്നാൽ 'എല്ലാവർക്കും പ്രയോജനപ്പെടാൻപോകുന്ന വലിയ തീരുമാനം' എന്നാണ് മോദി കരാറിനെ വിശേഷിപ്പിച്ചത്.
അതേസമയം, റഷ്യൻ എണ്ണ ഇനി വാങ്ങില്ലെന്ന് ഇന്ത്യ തീരുമാനിച്ചതായി ട്രംപ് നടത്തിയ അവകാശവാദത്തെപ്പറ്റി മോദിയോ സർക്കാരോ പ്രതികരിച്ചിട്ടില്ല. 25 ശതമാനം പകരംതീരുവയും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഏർപ്പെടുത്തിയ 25 ശതമാനം പിഴച്ചുങ്കവും ചേർത്ത് 50 ശതമാനം തീരുവയാണ് കഴിഞ്ഞ ഓഗസ്റ്റിൽ യു എസ് ഭരണകൂടം ഇന്ത്യക്കുമേൽ ചുമത്തിയത്. ഇത് പതിനെട്ടുശതമാനമായി ചുരുക്കുമെന്നു പറയുമ്പോൾ ഫലത്തിൽ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഏർപ്പെടുത്തിയ 25 ശതമാനം പിഴച്ചുങ്കം പൂർണമായി ഒഴിവായെന്നാണു കരുതേണ്ടത്.
തീരുവ 18 ശതമാനമായി കുറച്ചതിനു പകരമായി ഇന്ത്യ ചെയ്യേണ്ടി വന്ന ഇളവുകളെന്തെല്ലാമെന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായി നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചുവെന്നാണ് ട്രംപ് പറയുന്നത്. പകരം എണ്ണക്കും ഇന്ധനത്തിനും ഇന്ത്യ അമേരിക്കയെയും വെനസ്വേലയെയും ആശ്രയിക്കും.
എണ്ണ വാങ്ങുന്നതു നിർത്തുമെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് റഷ്യ ഇന്നലെ പ്രതികരിച്ചെങ്കിലും ട്രംപിന്റെ അവകാശവാദത്തെ തിരുത്തി ഇന്ത്യ ഇതുവരെ ഒന്നും പറയാൻ തയ്യാറായിട്ടില്ല.
ഇന്ത്യൻ കാർഷിക-ക്ഷീര മേഖലകളിൽ യുഎസിന്‍റെ കടന്നുകയറ്റത്തിന് അനുവാദം ലഭിക്കണമെന്നതായിരുന്നു ട്രംപിന്‍റെ ആവശ്യം. ഈ മേഖലകളെ സംരക്ഷിച്ചു കൊണ്ടു മാത്രമേ വ്യാപാരകരാർ നടപ്പാക്കാനാവൂ എന്ന് ഇന്ത്യയും നിലപാട് സ്വീകരിച്ചതാണു കരാർ നീണ്ടുപോവാൻ കാരണമായത്. ഈ ഉൽപന്നങ്ങൾ കുറഞ്ഞ തീരുവയിലോ തീരുവയില്ലാതെയോ ഇന്ത്യയിലെത്തുന്നത് നമ്മുടെ കർഷകർക്ക് താങ്ങാനാകാത്ത പ്രഹരമാകും. ഇതോടെ ഇന്ത്യന്‍ വിപണി യു എസ് ഉത്പന്നങ്ങള്‍ പിടിച്ചടക്കുകയും ഇന്ത്യന്‍ കര്‍ഷകര്‍ ന്യായമായ വില ലഭിക്കാതെ പ്രതിസന്ധിയിലാകുകയും ചെയ്യും. പയര്‍ വര്‍ഗങ്ങള്‍, എണ്ണവിത്തുകള്‍, പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വന്‍തോതില്‍ വിലയിടിവുണ്ടാകാൻ സാധ്യതയുണ്ട്.
പ്രതിപക്ഷ ബഹളത്തിനിടെ പാർലമെന്‍റിൽ നടത്തിയ പ്രസ്താവനയിൽ കർഷകരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും കാർഷിക-ക്ഷീര മേഖലകളെ സർക്കാർ സംരക്ഷിച്ചിട്ടുണ്ടെന്നുമാണ് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചത്. അങ്ങനെയാണെങ്കിൽ ഇന്ത്യയുടെ വിജയമായി അതു കണക്കാക്കാവുന്നതാണ്.
പ്രധാന കാർഷികോത്പന്നങ്ങളെ ഒഴിവാക്കിയാണ് ഇന്ത്യ-ഇയു വ്യാപാരക്കരാർ കഴിഞ്ഞമാസം യാഥാർഥ്യമാക്കിയത്.
റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് ട്രംപ് കഴിഞ്ഞദിവസം അവകാശപ്പെട്ടതിനുപിന്നാലെ പ്രധാനമന്ത്രി മോദി പറഞ്ഞത്, ലോകസമാധാനത്തിന് ട്രംപിന്റെ നേതൃത്വം പ്രധാനമാണെന്നുംഇന്ത്യ അതിനെ പിന്താങ്ങുന്നുവെന്നുമാണ് . ഇക്കാര്യത്തിലും കേന്ദ്ര സർക്കാരിന്‍റെ തീരുമാനം എന്തെന്നു അറിയാനിരിക്കുന്നതേയുള്ളൂ.
യു.എസ്. ഉൽപന്നങ്ങൾക്കുള്ള ഇറക്കുമതിത്തീരുവ ഇന്ത്യ പൂർണമായി ഒഴിവാക്കുമെന്ന ട്രംപിന്റെ അവകാശവാദത്തിലും വ്യക്തതവരുത്താൻ ഇതുവരെ മോദി സർക്കാരിനു കഴിഞ്ഞിട്ടില്ല. .
നിരവധി ആനുകൂല്യങ്ങൾ യുഎസിൽ നിന്ന് ഇന്ത്യയ്ക്കു ലഭിക്കുമെന്നാണു കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. എന്തായാലും യുഎസിന്‍റെ തീരുവ 18 ശതമാനമായി കുറയുന്നത് ഇന്ത്യൻ കയറ്റുമതിക്കാർക്കു വലിയ ആശ്വാസമാവും.
സംയുക്ത പ്രഖ്യാപനമാണ് ഉഭയകക്ഷി കരാറുകളില്‍ സാധാരണ ഉണ്ടാകാറുളളത്. ഇന്ത്യ- യു എസ് വ്യാപാര കരാര്‍ ട്രംപിന്റെ ഏകപക്ഷീയമായ പ്രഖ്യാപനത്തിലൂടെയാണ് പുറത്തുവന്നത് എന്നതാണ് ആശങ്കകൾക്ക് കാരണമായത്. കരാർ വ്യവസ്ഥകൾ വ്യക്തമാക്കാൻ സർക്കാരിന് ബാധ്യതയുണ്ട് , ഇല്ലെങ്കിൽ ട്രംപിന് കീഴടങ്ങി എന്ന് തന്നെ പറയേണ്ടിവരും.