ആടുജീവിതം നോവലും സിനിമയും : അവലോകനം, സൂസൻ പാലാത്ര

ആടുജീവിതം നോവലും സിനിമയും  : അവലോകനം, സൂസൻ പാലാത്ര
    ഞാൻ നാലുപ്രാവശ്യം വായിച്ച നോവലാണ് ബന്യാമിൻ്റെ ആടുജീവിതം. മനുഷ്യമന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതും ഒപ്പം ചിന്തിപ്പിയ്ക്കുന്നതുമായ ഹൃദ്യമായ രചന. മഴ പെയ്തുതീർന്നാലും മരം പെയ്തുകൊണ്ടിരിക്കും എന്നു പറഞ്ഞതുപോലെ സംഭവമുഹൂർത്തങ്ങൾ അതിസാന്ദ്രമായി കോർത്തിണക്കി,  വായനക്കാരനെ ഇരുത്തിച്ചിന്തിപ്പിയ്ക്കുന്ന രചനാസൗഷ്ഠവത്തിന് ബിഗ് സല്യൂട്ട്. 
 നാട്ടിലെ കഷ്ടപ്പാടിൽനിന്ന് മോചനംതേടി, ഒരു ജീവിതവരുമാനം സ്വായത്തമാക്കാൻ പോയ നജീബ് എന്ന ചെറുപ്പക്കാരൻ  സൗദിഅറേബ്യയിൽ, കൃത്യമായിപ്പറഞ്ഞാൽ മൂന്നു വർഷം നാലുമാസം ഒമ്പതു ദിവസം അതിക്രൂരനായ ഒരു അറബിയുടെ അടിമയായി ദുരിതപൂർണ്ണമായ ജീവിതം നയിച്ച കഥ, ബന്യാമിൻ നോവലാക്കിയപ്പോൾ മലയാളത്തിലെ മികച്ച നോവലുകളിലൊന്നായി അതുമാറി. 
  നജീബ് അറേബ്യൻമരുഭൂമിയിൽ ആരോടും മിണ്ടാനില്ലാതെ, ഭക്ഷണവും നല്ലവെള്ളവും ലഭിക്കാതെ, കിടന്നുറങ്ങാൻ ഒരു കിടക്കപ്പായ്പോലുമില്ലാതെ, കുളിയ്ക്കാനോ ശരീരം വെടുപ്പാക്കാനോ മാർഗ്ഗമില്ലാതെ ആടുകളോടും ഒട്ടകങ്ങളോടുമൊപ്പം ക്രൂരനായ അറബിയുടെ പീഡനതാഡനങ്ങൾ സഹിച്ച് ഒട്ടകത്തിൻ്റെ ഭക്ഷണവും കഴിച്ച് ജീവൻ പിടിച്ചുനിറുത്താൻ ശ്രമിച്ചത്  ലോകമന:സാക്ഷിയുടെ ഉള്ളുലയ്ക്കുന്ന വേദനയായിമാറി. ആടുകളോടൊപ്പം ജീവിച്ച്ഒരാടായിമാറിയ നജീബ് എന്നും മനസ്സുലയ്ക്കും. 
  നജീബ് പറഞ്ഞുകൊടുത്ത ജീവിതകഥയും യാതനകളും നോവലിനുവേണ്ട രചനാസങ്കേതങ്ങൾ കൂട്ടിയിണക്കി അധികം പൊടിപ്പും തൊങ്ങലുകളും പിടിപ്പിയ്ക്കാതെ, കൈയടക്കത്തോടെ, പച്ചയായി ബന്യാമിൻ ആവിഷ്കരിച്ചു. സഹൃദയമനസ്സുകളുടെ ആഴങ്ങളിലേക്ക് ഊക്കോടെ ആഞ്ഞടിച്ച് ചിന്തകളെയും കണ്ണീരിനെയും ശക്തമായി പ്രവഹിപ്പിച്ച ആടുജീവിതം എന്ന നോവൽ 2008-ൽ പ്രസിദ്ധീകരിച്ചു. 
       2009-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ധാരാളം അവാർഡുകൾ വാരിക്കൂട്ടിയ നോവലിനെ വിവിധസർവ്വകലാശാലകൾ പാഠ്യവിഷയമാക്കി. തമിഴ്, കന്നട, അറബി, ഭാഷകൾക്കു പുറമേ ഇംഗ്ലീഷ് പതിപ്പും പുറത്തു വന്നു.
   ധന്യനായ, ഹൃദയാലുവായ  നോവലിസ്റ്റിന് ഹൃദയംഗമായ ആശംസകൾ.
 നജീബ് എന്ന കഥാനായകൻ ഒരു സുഹൃത്തിൻ്റെ ബന്ധുവഴി ലഭ്യമായ വിസയിൽ സൗദി അറേബ്യയിൽ എത്തപ്പെട്ട് ക്രൂരനായ ഒരു അറബിയുടെ അടിമയാക്കപ്പെട്ട കഥ, ബന്യാമിൻ്റെ ഭാവനാവിലാസത്തിൽനിന്ന് ഉരുത്തിരിഞ്ഞതല്ലാത്തതും  യഥാർത്ഥജീവിതകഥയുമായതിനാൽ കുടുകുടെ ഒഴുകുന്ന കണ്ണീർ ഒപ്പിക്കൊണ്ടുമാത്രമേ നോവൽവായന പൂർത്തിയാക്കാനാവൂ. 
  ബന്യാമിൻ പുസ്തകം സമർപ്പിച്ചിരിക്കുന്ന വാക്കുകൾ ശ്രദ്ധേയമാണ് "നജീബിനും ഹക്കീമിനും മരുഭൂമിയിൽ ദാഹിച്ചുമരിച്ച എല്ലാ  ആത്മാക്കൾക്കും ". ആ വാക്യമാണ്  പുസ്തകത്തിൻ്റെ ആത്മാവെന്ന് പറയാൻ ഞാനിഷ്ടപ്പെടുന്നു. 
 ജയിലിൽ തന്നോടൊപ്പം നാട്ടിലേക്ക് വരാൻ കാത്തിരുന്ന ഹമീദിനെ സ്പോൺസർ അറബി ധരിച്ചിരുന്ന ബെൽറ്റുകൾ ഊരിത്തല്ലിക്കൊണ്ട് തിരിച്ചു കൊണ്ടുപോകുന്നതും, ഹമീദിൻ്റെ നിലവിളിയും എന്നും മനസ്സിൽ നൊമ്പരമായി ശേഷിക്കും. 
    ഹമീദ് രക്ഷപ്പെട്ട് നാട്ടിൽ മടങ്ങിയെത്തിയോ, മരുഭൂമിയിൽ രക്ഷകനായെത്തിയ ആൾ എങ്ങനെ അപ്രത്യക്ഷനായി എന്നതൊക്കെ ഒരു സമസ്യയായി അവശേഷിക്കുന്നു. 
 പുസ്തകത്തെക്കുറിച്ച് ഇനിയും  കൂടുതലായി ഒന്നും പറയുന്നില്ല. പ്രിയപ്പെട്ട എഴുത്തുകാരന്  അഭിനന്ദനങ്ങൾ.
       
  തൊട്ടതെല്ലാംപൊന്നാക്കിയ അനുഗൃഹീതസംവിധാകനായ ബ്ലെസ്സി,  തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് പുറത്തിറക്കിയ ആടുജീവിതംസിനിമ കണ്ടു. പൃഥ്വിരാജ്, നജീബ് എന്ന ഭാഗ്യദോഷിയായ ചെറുപ്പക്കാരൻ്റെ അമ്പരപ്പിയ്ക്കുന്ന അതിദാരുണമായ അടിമത്തജീവിതം അനശ്വരമാക്കി,   അഭ്രപാളികളിൽ പകർന്നാടി. പൃഥ്വിരാജിൻ്റെ അർപ്പണബോധം എടുത്തുപറയാൻ വാക്കുകൾ പോരാ. 
  ആടുജീവിതത്തിലെ ഹക്കീമിൻ്റെ വേഷം, കെ. ആർ. ഗോകുൽ പകർന്നാടി,  മികവുറ്റതാക്കി.
 റസൂൽപൂക്കുട്ടിയുടെ ശബ്ദമിശ്രണത്തിൻ്റെ മികവ് പല പ്രായത്തിലുള്ള  ആടിൻ്റെ കൂട്ടക്കരച്ചിൽ കേൾക്കുമ്പോൾ തിരിച്ചറിയാനാവും. ആ ശബ്ദവ്യതിയാനങ്ങൾ കാതിനുള്ളിൽ അനുരണനങ്ങൾ സൃഷ്ടിച്ചു.
       നാട്ടിൽ വെള്ളത്തിൽനിന്ന് മണൽവാരൽ ജോലി ചെയ്ത് ജീവിച്ച നജീബ്  മരുഭൂമിയിൽ വെള്ളംകിട്ടാതെ ദാഹിച്ച് വരണ്ടുണങ്ങുന്ന കാഴ്ച ദയനീയമാണ്. മെലിഞ്ഞസ്ഥിയായ എല്ലുകൾ എണ്ണിയെടുക്കാവുന്ന വയറ് തണ്ടെല്ലിനോട് ഒട്ടിയ പൃഥ്വി കഥാപാത്രത്തോട് നൂറു ശതമാനം സത്യസന്ധത പുലർത്തി. 
 പൂത്തുണങ്ങിയ കുബ്ബൂസു കഴിക്കുന്നതും, പൂത്ത അച്ചാറുകുപ്പിയെടുത്തുവച്ച് മണമാസ്വദിയ്ക്കുന്നതുമൊക്കെ കണ്ണുകൾ നനയ്ക്കുന്ന ദൃശ്യമാണ്. 
   മരുഭൂമിയിലൂടെ ജീവനുവേണ്ടിയുള്ള, ജീവിതത്തിനുവേണ്ടിയുള്ള  ആ പ്രയാണം മറക്കാനാവില്ല. നീരുവച്ചുവിണ്ടുകീറിയ പാദങ്ങളുമായുള്ള പൃഥ്വിയുടെ ഓട്ടം കണ്ണിൽ നനവുപടർത്തി.
  മരുപ്പച്ചയെന്ന് നിനച്ച് വെള്ളത്തിനുവേണ്ടി ദാഹിച്ചോടുന്ന ഹക്കീമിൻ്റെ ഓട്ടവും മരണവും അത്യന്തം വേദനയുളവാക്കുന്നതാണ്.
  ആഫ്രിക്കക്കാരനായ ഹക്കീമിൻ്റെ സഹയടിമ തൻ്റെ കണ്ണീരെടുത്ത് ഹക്കീമിൻ്റെ ചൊടികളിൽ പുരട്ടുന്നകാഴ്ച വർണ്ണനാതീതമായി.   ആഫ്രിക്കക്കാരനായ ആ സുഹൃത്ത് തൻ്റെ വസ്ത്രങ്ങൾ ഒന്നൊന്നായി കൂട്ടുകാരെ പരിരക്ഷിയ്ക്കാൻ ഉപയുക്തമാക്കുന്നതും തൻ്റെ ഷൂസൂരി നജീബിൻ്റെ കാലിൽ ഇടുവിക്കുന്നതും പ്രേക്ഷകർക്ക് മഹത്തരമായ സന്ദേശമാണ് നല്കുന്നത്, കറുത്തവൻ്റെ സ്നേഹക്കണ്ണീര് മരണാസന്നനായവൻ്റെ ചൊടികളെ നനയ്ക്കുന്ന ദിവ്യജലമായിമാറി.
          നോവൽ വായിച്ച് ഹൃദിസ്ഥമാക്കിയതിനാൽ ത്രില്ലും സസ്പെൻസും ലഭ്യമായില്ല. 
        നോവലിൽ പ്രതിപാദിച്ച മഴ അതേമാതിരി സിനിമയിൽ യാഥാർത്ഥ്യമായില്ല. 
സിനിമാഷോട്ടുകൾ എടുക്കാൻ മരുഭൂമിയിൽ ഏറെ പ്രയാസമല്ലേ! ഒട്ടകത്തിൻ്റെ കണ്ണിലൂടെയുള്ള കാഴ്ചയും പ്രതിബിംബവും, കഥാനായകൻ്റെ സങ്കടവേളയിൽ കറുത്ത പുള്ളിയാടുൾപ്പടെയുള്ള ആട്ടിൻകൂട്ടത്തിൻ്റെ ചേർന്നുവരവും കരച്ചിലും എല്ലാം കോർത്തിണക്കി നോവലിനോട് നീതി പുലർത്താൻ ശ്രമിച്ചു. ഛായാഗ്രാഹകനും അതിൽ വിജയംവരിച്ചിട്ടുണ്ട്. 
         (എൻ്റെ അഭിപ്രായം പറയട്ടേ, നോവലിനോളം സിനിമ എത്തിയില്ല. ഇത് എൻ്റെമാത്രം അഭിപ്രായമാണ്)
         ലോകത്തിന് നല്ല സന്ദേശം നല്കാൻ ആടുജീവിതം എന്ന സിനിമയ്ക്ക് കഴിയുമെന്ന് പ്രത്യാശിയ്ക്കാം. 
       അറേബ്യൻമരുഭൂമികളിൽ അകപ്പെട്ട പാവപ്പെട്ട അടിമ മനുഷ്യരെ നമുക്കോർമ്മിക്കാനാകട്ടെ. അവരെയൊക്കെ കണ്ടെത്താനാകട്ടെ. 
          സിനിമയുടെ അണിയറപ്രവർത്തകർക്കും സംവിധായകനും നടീനടന്മാർക്കും അഭിനന്ദനങ്ങൾ. 

സൂസൻ പാലാത്ര