എൻഎസ്എസിൽ നിന്ന് തങ്ങളെ അകറ്റിയത് ലീഗ്, സതീശന്‍ ഇന്നലെ പൂത്ത തകര; വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: എസ്എൻഡിപിയും എൻഎസ്എസും തമ്മിലുള്ള അകൽച്ചയ്ക്ക് പിന്നിൽ മുസ്ലിം ലീഗിൻ്റെ രാഷ്ട്രീയ തന്ത്രങ്ങളാണെന്ന ഗുരുതര ആരോപണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'നായാടി മുതൽ നമ്പൂതിരി വരെ' എന്ന ഹിന്ദു ഐക്യമെന്ന ആശയത്തെ തകർക്കാൻ ലീഗ് ബോധപൂർവം ശ്രമിച്ചുവെന്നും സംവരണ വിഷയം ഉയർത്തിക്കാട്ടി ഇരു വിഭാഗങ്ങൾക്കുമിടയിൽ ലീഗ് വിള്ളലുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നായർ-ഈഴവ ഐക്യം സമൂഹത്തിന് ഗുണകരമല്ലെന്നും സവർണ ഫാസിസം പിടിമുറുക്കുമെന്നും പറഞ്ഞ് തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സംവരണത്തിൻ്റെ പേരിൽ തങ്ങളെ മുൻനിർത്തി സമരങ്ങൾ സംഘടിപ്പിക്കാൻ ലീഗ് നേതൃത്വം പിന്നിൽനിന്ന് കരുനീക്കി. നായര്‍ ഈഴവ ഐക്യം എന്നുള്ള ആശയത്തോട് ലീഗിന് വളരെ അസംതൃപ്തിയായിരുന്നു.
സംവരണ വിഷയത്തില്‍ കേരളത്തിലും ഇന്ത്യയിലും പല മേഖലകളിലും പ്രതിഷേധങ്ങളും സമ്മേളനങ്ങളും ധര്‍ണകളുമെല്ലാം നടത്തിക്കുവാന്‍ എസ്എന്‍ഡിപി യോഗത്തെ മുന്നില്‍നിര്‍ത്തിക്കൊണ്ട് മുസ്ലീം നേതൃത്വങ്ങളും അനുയായികളും ഒരുപാട് സമരങ്ങള്‍ നടത്തി.
നായര്‍ ഈഴവ ഐക്യം സമൂഹത്തിന് നല്ലതല്ല എന്നും സവര്‍ണ ഫാസിസ്റ്റുകളാണെന്നും സവര്‍ണാധിപത്യത്തിനു വേണ്ടി നില്‍ക്കുന്നവരാണെന്നും ചാതുര്‍വര്‍ണ്യം പുനഃസ്ഥാപിക്കാന്‍ വേണ്ടി ശ്രമിക്കുന്നവരാണെന്നുമെല്ലാം പറഞ്ഞ് തങ്ങളെയെല്ലാം ഉപദേശിച്ചു. സംവരണസമുദായക്കാരും പിന്നാക്കക്കാരായ തങ്ങളെല്ലാം ഒന്നിച്ചു നില്‍ക്കണമെന്നും പറഞ്ഞുകൊണ്ട് വളരെ നാളുകള്‍ തങ്ങളെ നയിച്ചു. അന്ന് എല്‍ഡിഎഫിൻ്റെ ഭരണകാലമാണ്. അവരുടെ ഭരണകാലം കഴിഞ്ഞ് അവരെ ഇറക്കി നമ്മുടെ ഭരണം വരുമെന്നും അന്ന് നമ്മുടെ പോരായ്മകള്‍ക്കെല്ലാം പരിഹാരം ഉണ്ടാകുമെന്നും ഉറപ്പുതന്നുകൊണ്ടാണ് മുന്നോട്ട് പോയത്.
എല്‍ഡിഎഫ് പോയി, യുഡിഎഫ് ഭരണത്തില്‍ വന്നു പക്ഷേ അന്നുന്നയിച്ച സംവരണ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ അവര്‍ക്ക് സാധിച്ചില്ല. തിരിഞ്ഞുനോക്കുമ്പോൾ താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന കുറ്റബോധമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇനി സംവരണത്തിൻ്റെ കാര്യം പറഞ്ഞ് മുന്നോട്ട് പോയിട്ടും കാര്യമില്ല.
എന്‍എസിനെയും എസ്എന്‍ഡി നേതൃത്വത്തെയും തെറ്റിച്ചതിൻ്റെ പ്രധാന കണ്ണി ലീഗ് നേതൃത്വമാണ്. യോജിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് തങ്ങളെ അകറ്റി നിര്‍ത്തിക്കൊണ്ട് ഈ പണികളെല്ലാം ചെയ്തത് ലീഗ് നേതൃത്വമാണ്. അപ്പോഴും അവരെല്ലാം യോജിച്ചുനിന്നുകൊണ്ട് ഭരണത്തില്‍ വന്നിട്ട് ഒരു പരിഗണനയും തന്നില്ല. കോളജുകൾ അനുവദിക്കുന്ന കാര്യത്തിലടക്കം വലിയ അവഗണനയാണ് നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളജുകള്‍ക്ക് അപേക്ഷ കൊടുക്കും, വരും പരിശോധിക്കും, ഇങ്ങനെ അവഗണനകള്‍ മാത്രമാണ് ലഭിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇന്ന് ഭൂരിപക്ഷ സമുദായത്തിൻ്റെ ഐക്യം മാത്രമല്ല നായാടി തൊട്ട് നസ്രാണികള്‍ വരെയുള്ളവരുടെ യോജിപ്പ് അനിവാര്യമാണെന്ന ചിന്തയിലേക്ക് കാര്യങ്ങളെത്തി.
താന്‍ മുസ്ലീം വിരോധിയല്ല. മുസ്ലീം സമുദായങ്ങള്‍ക്ക് വിരോധമായിട്ട് ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. മലപ്പുറത്തെ തൻ്റെ സംസാരത്തെ വക്രീകരിച്ചും വ്യാഖ്യാനിച്ചും തന്നെ വര്‍ഗീയവാദിയാക്കി മാറ്റി. മുസ്ലീം ലീഗിൻ്റെ വര്‍ഗീയ സ്വഭാവത്തെയാണ് താന്‍ എതിര്‍ത്തത്. തന്നെ വർഗീയവാദിയാക്കുക. ആടിനെ പട്ടിയാക്കി പേപട്ടിയാക്കി തല്ലിക്കൊല്ലുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഹിന്ദു വിഭാഗങ്ങൾക്കിടയിലുള്ള ഭിന്നത കാലഘട്ടത്തിന് യോജിച്ചതല്ലെന്നും അനുയായികൾ യോജിപ്പാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം, തങ്ങളെ സവർണവിരുദ്ധ ചേരിയിലാക്കി അകറ്റിനിർത്താൻ ലീഗ് നടത്തിയ നീക്കങ്ങളെ ശക്തമായി വിമർശിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും കടുത്ത പരിഹാസമാണ് വെള്ളാപ്പള്ളി നടേശൻ ചൊരിഞ്ഞത്. സതീശൻ ഇന്നലെ പൂത്ത തകരയാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. ഞാൻ അതിനെ പറ്റി പറയുന്നില്ല. അപ്രസക്തൻ. അദ്ദേഹമാണ് ഇങ്ങനെയെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാൻ വർഗീയവാദിയാണെന്ന്. അതിനുള്ള മറുപടി കാന്തപുരം തന്നെ പറഞ്ഞിട്ടുണ്ട്. സതീശനെ പരസ്യമായി താക്കീത് നൽകി. മുതിർന്ന നേതാക്കളായ എ കെ ആൻ്റണിയും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലുമൊക്കെ താൻ വർഗീയവാദിയാണെന്ന് പറയട്ടേ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.