എന്‍ എം രാജു നൽകിയ പണം മുഴുവൻ തിരിച്ച് നല്‍കി: ആരോപണങ്ങൾ‌ നിയമപരമായി നേരിടും; ആന്റോ ആന്റണി

Feb 7, 2026 - 20:01
 0  3
എന്‍ എം രാജു നൽകിയ  പണം മുഴുവൻ  തിരിച്ച്  നല്‍കി: ആരോപണങ്ങൾ‌ നിയമപരമായി നേരിടും; ആന്റോ ആന്റണി

തിരുവനന്തപുരം; നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു നല്‍കിയ പണം തിരികെ നല്‍കിയിട്ടുണ്ടെന്ന് പത്തനംതിട്ട എംപി ആന്റോ ആന്റണി. തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ തുക സഹായമായാണ് താന്‍ കരുതിയതെന്നും, പിന്നീട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ പണം മുഴുവന്‍ തിരികെ നല്‍കിയതായും ആന്റോ ആന്റണി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞാണ് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടതെന്നും, അതിന് ശേഷം താന്‍ തുക മടക്കി നല്‍കിയതായും ആന്റോ ആന്റണി പറഞ്ഞു.

രാജുവിന്റെ മകള്‍ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്‍ എം രാജു തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നും ആന്റോ ആന്റണി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ കണക്കുകള്‍ പൂര്‍ണമായും കൃത്യമാണെന്നും ലഭിച്ച എല്ലാ തുകയും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജു യുഡിഎഫിന്റെ ഭാഗമായിരുന്ന സമയത്താണ് തിരഞ്ഞെടുപ്പ് കാലത്ത് സാമ്പത്തിക സഹായം നല്‍കിയതെന്നും, ഇപ്പോള്‍ അദ്ദേഹം എല്‍ഡിഎഫിന്റെ ഭാഗമായതിനാലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ആന്റോ ആന്റണി ആരോപിച്ചു. ഇത് തന്റെ തേജോവധത്തിനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആന്റോ ആന്റണി രണ്ട് കോടി രൂപ വാങ്ങിയെന്നും ഏഴ് വര്‍ഷമായിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നല്‍കിയതെന്നും നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു ആരോപിച്ചു. നല്‍കിയ പണം നിക്ഷേപകരുടേതാണെന്നും, ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ക്രൈംബ്രാഞ്ചിനെയും അറിയിച്ചിട്ടുണ്ടെന്നും രാജു പറഞ്ഞു.