അതി ശൈത്യത്തിൽ കാലന്റെ കല്പനയുമായി കയ്യിൽ ഒരു കയറുമായി ഒരു സഹപ്രവർത്തകൻ എത്തി. അവൻ ലക്ഷ്യം വച്ചത് രോഗ ശയ്യയിലുള്ള ഒരു പിഞ്ചോമന പൈതലിനെ. പക്ഷെ ചുറ്റും വസന്തം വിരിയിച്ച അവൾക്ക് കാവലായ് ഒരു മാലാഖ ഉണ്ടായിരുന്നു.
മാലാഖ പറഞ്ഞു :
എനിക്കറിയാം നിന്റെ വരവിന്റെ ഉദ്ദേശം.
നിന്റെ ഈ ബലിഷ്ഠമായ കയറുകൊണ്ടാണോ ഈ പിഞ്ചോമനയെ കൊണ്ടുപോകുന്നത്?
ഒരിക്കലും ഞാൻ അതിന് അനുവദിക്കില്ല.
കാലന്റെ സഹയാത്രികൻ അതിനായ് ഒരു പൂവള്ളി തേടി യാത്ര തുടർന്നു.
അവൻ ഏറെ അലഞ്ഞിട്ടും അതിശൈത്യത്തിൽ ഒരു പൂവള്ളിയും കണ്ടെത്താനായില്ല.
ഒടുവിൽ ഒരു ഷെൽട്ടറിൽ ഒരു പൂവള്ളി നിറയെപൂക്കളാൽ നിറഞ്ഞു നിൽക്കുന്നത് കണ്ടു. പക്ഷെ ആ പൂവള്ളിയുടെ അനുമതിയില്ലാതെ അവളെ എടുക്കാവില്ല.
പൂവള്ളി :
അതി ശൈത്യമാണ് പക്ഷേ ഞാൻ ആരോഗ്യവാതിയാണ് എന്തിന് നിനക്ക് ഞാനെന്റെ പ്രാണൻ നൽകണം?
കാലന്റെ സഹപ്രവർത്തകൻ :
എന്റെ കർമ്മം ചെയ്യണമെങ്കിൽ എനിക്ക് നിന്റെ സഹായം വേണം.നിനക്ക് മോക്ഷം ലഭിച്ച് നിന്റെ വരും ജന്മത്തിൽ മനുഷ്യനാവാം.
പൂവള്ളി :
വസന്തം പരത്തുന്ന ഈ ജന്മത്തിൽ ഞാൻ സന്തോഷവതിയാണ്.
എന്നിരുന്നാലും നിന്റെ കർമ്മം നടക്കട്ടെ,
പകരം നീ ഭൂമി വിടുന്നതിന് മുൻപ്
എന്റെ ഈ ഇലയിൽ ഉള്ള നിർദ്ദേശം നിറവേറ്റണം.
കാലന്റെ സഹപ്രവർത്തകൻ പൂവള്ളിയുമായി പിഞ്ചുപൈതലിന്റ അടുത്തെത്തി അവളുടെ ലോലമായ കഴുത്തിലേക്ക് പൂവള്ളി എറിഞ്ഞു.
അപ്പോൾ കയ്യിൽ നിന്ന് പൂവള്ളി നൽകിയ ഇല നിലത്ത് വീണു.
അതിൽ എഴുതി ഇരുന്നു :
ഈ പിഞ്ചു കുഞ്ഞിന്റെ കഴുത്തിലെ പൂവള്ളി അവളുടെ ഔഷധ മാവട്ടെ. ഇത് തന്നെയാണ് എന്റെയും നീ അറിയാത്ത നിന്റേയും കർമ്മം.
അവൾ എനിക്ക് നൽകിയ ഈ പ്രാണൻ ഞാനവൾക്കായ് ഔഷധ മാകുന്നു .
ഈ ഇലപൊഴിയും ശിശിരത്തിൽ മരംകോച്ചുന്ന തണുപ്പിൽ
എന്റെ കൂടെയുള്ളവർ തണുത്ത് മരവിച്ച് നിശ്ചലമായപ്പോൾ
എന്നെ ആ ഷെൽട്ടറിൽ എത്തിച്ച് വെള്ളവും വെളിച്ചവും നൽകിയത് അവളാണ്.
ഇന്ന് ഞാൻ അവൾക്കായ് ഔഷധമാവും.