ഇന്ത്യ-അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യമായി; ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നികുതി കുറച്ചു
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ യാഥാർത്ഥ്യമായി. കരാർ സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരുരാജ്യങ്ങളും പുറത്തുവിട്ടു. പുതിയ കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ ചുമത്തിയിരുന്ന പരമാവധി നികുതി 18 ശതമാനമായി കുറച്ചു.
അമേരിക്കയിൽ നിന്നുള്ള ധാന്യങ്ങൾ, പഴങ്ങൾ തുടങ്ങിയ കാർഷിക വിഭവങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനും നികുതി ഇളവുകൾ ഉണ്ടാകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ അമേരിക്ക ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യും. മണിച്ചോളം, സോയബീൻ ഓയിൽ, പിസ്ത, ബദാം തുടങ്ങിയവയ്ക്ക് ഇന്ത്യ തീരുവ കുറയ്ക്കുമ്പോൾ, ഇന്ത്യൻ അരിക്ക് അമേരിക്ക മുൻഗണന നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.
കാർഷിക-ക്ഷീര മേഖലകളിൽ ഇന്ത്യൻ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് കരാർ രൂപീകരിച്ചിരിക്കുന്നത്. ക്ഷീര മേഖലയ്ക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കിയ ഇന്ത്യ, ഓറഞ്ച്, പ്ലം, മുന്തിരി, വാഴപ്പഴം തുടങ്ങിയ പഴങ്ങൾക്കും തേയിലയ്ക്കും മാങ്ങയ്ക്കും നികുതി ഇളവ് നൽകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ മസാലകൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ ഇറക്കുമതി നിയന്ത്രണങ്ങളും തുടരും. അതേസമയം, അമേരിക്കൻ മദ്യത്തിന് ഇന്ത്യ തീരുവ കുറയ്ക്കും. റബ്ബർ, പ്ലാസ്റ്റിക്, തുണിത്തരങ്ങൾ, മരുന്നുകൾ, വാഹന സ്പെയർ പാർട്സ് തുടങ്ങിയവ അമേരിക്കയിലേക്ക് കുറഞ്ഞ നികുതിയിൽ കയറ്റുമതി ചെയ്യാൻ ഇന്ത്യക്ക് സാധിക്കും.