രാഹുൽ മാങ്കൂട്ടത്തിൽ മോശമായി പെരുമാറി: ഗുരുതര ആരോപണങ്ങളുമായി എം.എ. ഷഹനാസ്

Dec 3, 2025 - 18:05
 0  3
രാഹുൽ മാങ്കൂട്ടത്തിൽ മോശമായി പെരുമാറി: ഗുരുതര ആരോപണങ്ങളുമായി എം.എ. ഷഹനാസ്

കോഴിക്കോട്: കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ വിവാദത്തിൽ ഗുരുതര ആരോപണങ്ങളുമായി കെ.പി.സി.സി. സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ് രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ തന്നോടും മോശമായി പെരുമാറിയെന്നും, ഈ വിഷയം അന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന ഷാഫി പറമ്പിലിനെ അറിയിച്ചിരുന്നുവെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.

കർഷക സമരത്തിന്റെ ഭാഗമായി ഡൽഹിയിൽ പോയി തിരിച്ചുവന്നതിന് പിന്നാലെയാണ് രാഹുൽ മോശം സന്ദേശം അയച്ചതെന്ന് ഷഹനാസ് വെളിപ്പെടുത്തി. “ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ” എന്നതടക്കമുള്ള മോശം സന്ദേശങ്ങൾ ലഭിച്ച വിവരം താൻ ഷാഫി പറമ്പിലിനെ ധരിപ്പിച്ചിരുന്നുവെന്നും അവർ പറഞ്ഞു.

ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ‘ഗാർഡിയൻ’ (രക്ഷാകർത്താവ്) ആണെന്നും, രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നുവെന്നും ഷഹനാസ് ആരോപിച്ചു. “സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ടു. ഇല്ലെന്ന് ഷാഫി പറയട്ടെ. ഷാഫി പ്രസിഡന്റായി ഇരിക്കുമ്പോൾ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ലായിരുന്നു,” ഷഹനാസ് പറഞ്ഞു.

കോൺഗ്രസിൽ പുരുഷാധിപത്യം ശക്തമാണെന്നും, പാർട്ടിയിൽ ഇനിയും സ്ത്രീകൾക്ക് പ്രവർത്തിക്കേണ്ടതുകൊണ്ടാണ് താൻ ഇപ്പോൾ ഈ വിഷയങ്ങൾ തുറന്നു പറയുന്നതെന്നും അവർ വ്യക്തമാക്കി. “പാർട്ടിയെ കളങ്കപ്പെടുത്തുന്നത് രാഹുലിനെ പോലുള്ളവരാണ്. സ്ത്രീയെന്ന രീതിയിൽ അന്ന് എൻ്റെ പരാതി പരിഗണിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു,” ഷഹനാസ് കൂട്ടിച്ചേർത്തു.