മുടി മഹാത്മ്യം: മിനിക്കഥ,  പെരുങ്കടവിള വിൻസന്റ് 

Feb 7, 2026 - 19:56
 0  6
മുടി മഹാത്മ്യം: മിനിക്കഥ,  പെരുങ്കടവിള വിൻസന്റ് 


“എനിക്കിനി വേറെ പെണ്ണുകാകാണാനൊന്നും വയ്യ. സതീശൻ വീടുകാരോട് തറപ്പിച്ച് പറഞ്ഞു.
“എടാ ഇപ്പോ കാണുന്ന ചേലും, തൊലിമിനുപ്പുമൊന്നും എന്നും കാണില്ല. സതീശാ ജീവിക്കണമെങ്കിൽ സാമ്പത്തിക ചുറ്റുപാടൊക്കെ വേണ്ടേ?”


“അച്ഛാ സമ്പത്ത് ഇന്ന് വരും നാളെ പോകും. കല്ല്യാണം അങ്ങനെയാണോ? ഇഷ്ടപ്പെട്ട ആളെതന്നെ കല്യാണം കഴിക്കണം.” സതീശൻ താത്വികനായി.
“അതിരിക്കട്ടെ, നീ എത്രയോ പെൺകുട്ടികളെ കണ്ടു. ഇവളിൽ മാത്രം എന്താ പ്രത്യേകത?”
“അച്ഛാ ആ മുടി ശ്രദ്ധിച്ചായിരുന്നോ? പനങ്കുലയെന്നൊക്കെ പറയുന്നത് ഇതാ. ശരിക്കും ഉലട്ടിപ്പൂങ്കുല തന്നെ.” സ്വയം മറന്ന് സതീശൻ തുടർന്നു “നടക്കുമ്പം നിതംബത്തിൽ താളം കൊട്ടി ചാഞ്ചാടുന്ന ഇടതൂർന്ന മുടി.
“നിർത്ത്. മതി വർണ്ണിച്ചത്.” അച്ഛൻ ശാസിച്ചപ്പോഴാണ് സതീശന് പരിസര ബോധമുണ്ടായത്.
           

ആദ്യരാത്രിയിൽ സതീശൻ അവളുടെ നീളൻ മുടിയിഴകളെ സ്വന്തം നെഞ്ചിലേക്ക് വിടർത്തിയിട്ട് തലോടുകയും, താലോലിക്കുകയും , ലാളിക്കുകയും ചെയ്തു.
അവളുടെ ചുണ്ടുകൾ ചൂടുള്ള ഒരു ചുംബനത്തിനായി കൊതിച്ചപ്പോൾ അവൻ അവളുടെ സമൃദ്ധമായ മുടിക്കടലിൽ മുഖം പൂഴ്ത്തുകയായിരുന്നു. 
     മുറ്റത്തെ ജമന്തിയിൽ പൂക്കൾ വിടരുകയും കൊഴിയുകയും ചെയ്തു. അങ്ങോട്ടും ഇങ്ങോട്ടും മണ്ടി നടന്ന ഗർഭിണിപ്പൂച്ച തൊഴുത്തിനടുത്തെ സ്റ്റോർറൂമിൽ മൂന്ന് കുട്ടികളെ പെറ്റു.


       ഒരുനാൾ പ്രഭാതഭക്ഷണം കഴിക്കാനിരുന്ന സതീശനു മുമ്പിൽ അവൾ മനോഹരമായ സെറാമിക് പാത്രത്തിൽ ഒരു ഡബിൾ ബുൾസെ സ്നേഹത്തോടെ കൊണ്ടു വച്ചു.
      വെള്ള വിതാനത്തിൽ പാതി വെന്ത മഞ്ഞക്കരുക്കൾക്ക് ഇടയിൽ അവളുടെ ഒരു നീളൻ മുടിയിഴ ഹൈറേഞ്ച് റോഡിന്റെ വിദൂര ദൃശ്യം പോലെ തിളങ്ങി.
      മുടിപ്രിയൻ വർദ്ധിച്ച ദേഷ്യത്തോടെ സെറാമിക് പ്ലേറ്റ് ബുൾസെ സഹിതം നിലത്തടിച്ചു. കാലിഡോസ്കോപ്പിലെ ദൃശ്യ വിസ്മയം പോലെ സെറാമിക് പാത്രത്തുണ്ടുകൾ ഡൈനിംഗ് ഹാളിൽ ചിതറിത്തെറിച്ചു.