കഥ ജീവിതത്തിന്‍റെ ഒരു പകര്‍പ്പെടുക്കല്‍: കല്ലുമാല, ആസ്വാദനം- മോഹൻദാസ്

Jan 31, 2026 - 06:40
 0  11
 കഥ ജീവിതത്തിന്‍റെ ഒരു പകര്‍പ്പെടുക്കല്‍: കല്ലുമാല, ആസ്വാദനം-  മോഹൻദാസ്

ല്ലാം ഭയാനകമായ വേഗതയില്‍ മാറ്റത്തിനു വിധേയമാകുന്ന കാലത്ത്  വായനക്കാരന്‍ അഭിമുഖീകരിക്കുന്ന രണ്ടു വെല്ലുവിളികളുണ്ട്

ഒരു എഴുത്തിനെ എങ്ങനെയാണ് സമീപിക്കേണ്ടത്?  

അതുപോലെ ഒരു  കഥ എന്തിനു വായിക്കുന്നു? 

തികച്ചും മൗലികമാണ് ഈ രണ്ടുചോദ്യങ്ങളുംഎന്നാല്‍ ഈ ചോദ്യങ്ങള്‍ക്കുത്തരം തേടുക ഒട്ടും ലളിതമല്ല.

ഒരു ലോക്കപ്പിന്‍റെ രണ്ട് അഴികള്‍ക്കിടയിലൂടെ പുറത്തേക്കുള്ള തടവുകാരന്‍റെ ഇടുങ്ങിയ നോട്ടത്തിന്‍റെ വ്യാകുലതകളോടെ വേണം എഴുത്തിനെ സമീപിക്കേണ്ടത് എന്ന് തോന്നാറുണ്ട്.

കഥ തന്‍റെ വായനക്കാരനെ അവനിൽ നിന്ന് പൂര്‍ണ്ണമായും വേര്‍പെടുത്തി മറ്റൊരാളുടെ ജീവിതത്തിലൂടെകടത്തിവിടുന്നു എന്നതാണ് ഒരു ഉത്തരം.

മനുഷ്യർ സവിശേഷവും ഭിന്നവുമായ അനുഭവങ്ങൾ, അനുഭൂതികൾ, ചിന്തകൾ, വികാരങ്ങൾ ഇവയെ ആന്തരവത്കരിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നവരാണ്. ഇതെല്ലാം കഥാക‍‍ൃത്തിന്‍റെ വെല്ലുവിളികളാണ്, പൂര്‍ത്തീകരിക്കാനാവാത്ത സമസ്യകളാണ്.

ശ്രീദേവിടീച്ചര്‍ രചിച്ച 'കല്ലുമാല' എന്ന സമാഹാരത്തിലെ കഥകളെ ഈ വീക്ഷണകോണിലൂടെ വായിക്കാനുള്ള ശ്രമമാണ് വായനയുടെ വെല്ലുവിളിയും,

ആമുഖമായി ഇത്രയുമെഴുതുമ്പോള്‍ എന്‍റെ മുന്നില്‍ 'കല്ലുമാല' എന്ന കഥാസമാഹാരമുണ്ട്. ശ്രീദേവി പി. രചിച്ച ഇരുപത്തൊന്ന് കഥകളുടെ ഈ സമാഹാരത്തിലെ എല്ലാ രചനകളും താൻ കണ്ടുപരിചയിച്ച സവി ശേഷസന്ദർഭങ്ങളെ ആവിഷ്കരിക്കുന്നതാണ്. ഏച്ചുകെട്ടലുകളില്ലാതെ സുഗമമായി കഥപറഞ്ഞുപോകുന്ന രീതിയാണ് ഈ കഥാകാരിയുടേത് എന്നു ആമുഖമായി സൂചിപ്പിക്കട്ടെ.

ആദ്യ കഥയായ 'കല്ലുമാല' ഒരു നിശ്ശബ്ദപ്രണയത്തിന്‍റെ കഥയാണ്. ഒരമ്മയും മകനുമാണ് പ്രധാന കഥാപാത്രങ്ങൾ. കോളേജ് വിദ്യാർത്ഥിയായ മകന് ഏറെ ഇഷ്ടമുള്ള ഒരു സന്ന്യാസിയെ സന്ദർശിക്കാനായി മകനോടൊപ്പം അമ്മ ആശ്രമത്തിലെത്തുമ്പോൾ അത് തൻ്റെ സഹപാഠിയായിരുന്ന അനന്തുവാണെന്ന് തിരിച്ചറിയുന്നു. മുമ്പ് കന്യാകുമാരിയിൽവച്ച് അനന്തു സമ്മാനിച്ച ഏറെക്കാലമായി ആർക്കും നൽകാതെ സൂക്ഷിച്ചിരുന്ന കല്ലുമാല ആ അമ്മ സമ്മാനമായി സ്വാമിക്ക് നൽകുന്നു. പിന്നീടൊരിക്കൽ സ്വാമി അവിടം വിട്ടുപോയതായി മകൻ പറഞ്ഞ് അമ്മ അറിയുന്നു. 

'ഒറ്റമരത്തിലെ കിളി' അവിവാഹിതയായ ഒരധ്യാപികയുടെ ഭൂതകാലത്തിലേക്കൊരു തിരിഞ്ഞുനോട്ടമാണ്. 

ഒരു ത്രില്ലിംഗ് സസ്പെന്‍സ് സിനിമയെ ഓര്‍മ്മിപ്പിക്കുന്ന കഥയാണ് ഓര്‍ക്കാപ്പുറത്ത്.

മഴ തകര്‍ക്കുന്ന  ഒരു പാതിരാത്രിയിൽ തന്‍റെ പുത്തൻ ലതർ ചെരിപ്പ് നനയുമെന്നോർത്ത് അതെടുക്കാൻ വാതിൽ തുറന്ന വീട്ടമ്മയ്ക്കുണ്ടായ അനുഭവമാണ് ഈ കഥ. വാതിൽ കടന്ന് അകത്തുവന്നത് കള്ളനായിരുന്നില്ല, മറിച്ച് ഒരു കൊലപാതകം നടത്തിയശേഷം വസ്ത്രങ്ങൾ മാറാനായി എത്തിയ ഒരാ ളായിരുന്നുവെന്ന് കഥാന്ത്യത്തിൽ വായനക്കാരന്‍ മനസ്സിലാക്കുന്നു. 

ജീവിതത്തിന്‍റെ തരിശുഭൂമിക്കുമേല്‍  കഥയുടെ മഴ പെയ്യുകയാണ്. ഒരു സ്നേഹ നനവിന്‍റെ തണുപ്പ് വായനക്കാരന്‍ ഹൃദയത്തിലേറ്റുവാങ്ങുന്നു. 

കഥയിലെ പൂര്‍വ്വികര്‍ ചൊരിയുന്ന അനുഗ്രഹവര്‍ഷം ആദരവോടെ സ്വീകരിച്ചുകൊണ്ടാണ്  പി ശ്രീദേവിടീച്ചര്‍ തന്‍റെ ആദ്യകഥാസമാഹാരത്തിന്‍റെ ഹരിശ്രീ കുറിക്കുന്നത്. ഹൃദയദ്രവീകരണശക്തിയുള്ള കഥാശില്‍പ്പങ്ങള്‍  താളുകളില്‍ ഉരുവംകൊള്ളുന്നു.

വൈകാരിക മുഹൂർത്തങ്ങൾ പിടിവിട്ടുപോകാതെ ചുരുക്കി സൂചിപ്പിച്ചിരിക്കുന്ന ശില്‌പഭദ്രതയുള്ള കഥകള്‍ എന്ന് കല്ലുമാലയിലെ കഥകളെ അടയാളപ്പെടുത്തുന്ന പ്രശസ്ത സാഹിത്യകാരന്‍ ശ്രീ കാവാലം അനില്‍ സാറിന്‍റെ പ്രൗഢമായ അവതാരിക ശ്രദ്ധേയമാണ്, ചേതോഹരമാണ്.

കാവ്യസാഹിതി ബുക്‌സ് പ്രസിദ്ധീകരിച്ച 'കല്ലുമാല'യ്ക്കും രചയിതാവ്  
ശ്രീദേവി ടീച്ചറിനും  സ്നേഹാശംസകള്‍. 
വിമര്‍ശനങ്ങള്‍ക്കും സംവാദങ്ങള്‍ക്കും കല്ലുമാല വിധേയമാകട്ടെ, കനകമാലയായി വായനാലോകം ഹൃദയത്തോടുചേര്‍ത്തുപിടിക്കട്ടെ എന്നും നന്മകള്‍നേരുന്നു.