അനധികൃത വിദേശമദ്യ ശേഖരം; റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ.അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആണ് അറസ്റ്റ്. മെസി വിവാദവുമായി ബന്ധപ്പെട്ട കേസിൽ ആൻ്റോയുടെ വയനാട്ടിലെ വീട്ടിൽ ഇന്നലെ പരിശോധനയ്ക്കിടെ 63 ലിറ്റർ വിദേശമദ്യം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി
റിപ്പോർട്ടർ ഓഫീസിലെത്തിയാണ് ആൻ്റോയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ വലിയ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മഹ്സറുമായാണ് എക്സൈസ് ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ എഫ്ഐആറിൻ്റെ കോപ്പി നൽകാതെ അറസ്റ്റിന് വഴങ്ങില്ലെന്ന് ആൻ്റോ പറഞ്ഞു. ഏറെ നേരങ്ങൾക്ക് ശേഷം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ് കുമാർ ആണ് എഫ്ഐആർ കോപ്പിയുമായി എത്തിയത്.മെസി കേസിൽ രേഖകൾ ഒന്നും കിട്ടാതായതോടെയാണ് ഇപ്പോൾ വീണ്ടുമൊരു കേസ് എടുത്ത് അറസ്റ്റ് ചെയ്തെന്ന് ആൻ്റോ ആരോപിച്ചു. താൻ മദ്യപിക്കുന്ന ആളല്ലെന്നും ആൻ്റോ മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞു. '
മെസിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പു കേസിൽ ആവശ്യമായ രേഖകൾ ഞാൻ പോലീസിന് നൽകി. എക്സൈസുമായി ബന്ധപ്പെട്ട ഏതോ കേസിലാണ് ഇപ്പോൾ അറസ്റ്റ്. ഞാൻ മദ്യപിക്കുന്ന ആളല്ല. ജീവിതത്തിൽ മദ്യപിച്ചിട്ടില്ല. മദ്യവുമായി തനിക്ക് യാതൊരു ബന്ധവുമില്ല', എന്നാണ് ആൻ്റോ പറഞ്ഞത്.
എന്നാൽ മദ്യപിക്കാത്ത ആൾ വിൽപ്പനയ്ക്കായിരുന്നു 63 ലിറ്റർ വിദേശമദ്യം സൂക്ഷിച്ചതെന്ന ചോദ്യത്തിന് ആൻ്റോ മറുപടി നൽകിയില്ല. അതേസമയം അറസ്റ്റിന് പിന്നാലെ ആൻ്റോയെ ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു. അതിനുശേഷം ബത്തേരിയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ആൻ്റോയെ ഹാജരാക്കുക. ഹാജരാക്കുക. കേസിൽ ജാമ്യമില്ലാ വകുപ്പുകളാണ് ആൻ്റോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.