സി.ബി.സി.ഐ അധ്യക്ഷനായി കർദ്ദിനാൾ പൂള അന്തോണി തിരഞ്ഞെടുക്കപ്പെട്ടു

Feb 7, 2026 - 17:48
 0  5
സി.ബി.സി.ഐ അധ്യക്ഷനായി കർദ്ദിനാൾ പൂള അന്തോണി തിരഞ്ഞെടുക്കപ്പെട്ടു

ന്യൂഡൽഹി: ഭാരതീയ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.ബി.സി.ഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആർച്ച് ബിഷപ്പും ഇന്ത്യയിലെ ആദ്യത്തെ ദലിത് കർദ്ദിനാളുമായ പൂള അന്തോണിയെ തിരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന സി.ബി.സി.ഐയുടെ മുപ്പത്തിയേഴാമത് പൊതുസമ്മേളനത്തിലാണ് ഈ ചരിത്രപരമായ തീരുമാനം ഉണ്ടായത്.

ഇന്ത്യയിലെ ഏകദേശം രണ്ട് കോടിയോളം വരുന്ന കത്തോലിക്ക വിശ്വാസികളെ നയിക്കാൻ എത്തുന്ന ആദ്യ ദലിത് സഭാദ്ധ്യക്ഷനാണ് 64-കാരനായ കർദ്ദിനാൾ പൂള അന്തോണി.

കേരളത്തിൽ നിന്നുള്ള ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തായിരുന്നു ഇതിന് മുൻപ് ഈ പദവി അലങ്കരിച്ചിരുന്നത്. സഭ നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്താണ് കർദ്ദിനാൾ പൂള അന്തോണി സി.ബി.സി.ഐയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. പതിറ്റാണ്ടുകളുടെ അജപാലന പരിചയവും ഭരണപാടവവും നീതിക്കും മാനുഷിക അന്തസ്സിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിലപാടുകളും സഭയ്ക്ക് മുതൽക്കൂട്ടാകുമെന്ന് സി.ബി.സി.ഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും സഭയ്ക്കും എതിരെ നടക്കുന്ന അക്രമങ്ങളും വെല്ലുവിളികളും നിലനിൽക്കുന്ന സാഹചര്യത്തിൽ, ന്യൂനപക്ഷ അവകാശങ്ങൾക്കായി കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തുന്നതിനും പ്രതിനിധി സംഘങ്ങളെ നയിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകുമെന്ന് സഭയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.