പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാദ്രയുടെ ഫോട്ടോ പ്രദർശനം: 105 ചിത്രങ്ങളിൽ 74 എണ്ണത്തിനും വിലക്ക്, വിവാദം

Oct 22, 2026 - 12:29
 0  7
പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാദ്രയുടെ  ഫോട്ടോ പ്രദർശനം: 105 ചിത്രങ്ങളിൽ 74 എണ്ണത്തിനും  വിലക്ക്, വിവാദം

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയുടെയും വ്യവസായി റോബർട്ട് വദ്രയുടെയും മകനും വിഷ്വൽ ആർട്ടിസ്റ്റും ക്യുറേറ്ററുമായ റെയ്ഹാൻ രാജീവ് വദ്രയുടെ ചിത്രപ്രദ‌‌ർശനത്തിൽ ഇടപെടലുമായി അധികൃതർ. ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രദർശിപ്പിച്ച 105 ചിത്രങ്ങളിൽ 74 എണ്ണവും നീക്കം ചെയ്യാനോ മാറ്റാനോ അധികൃതർ ആവശ്യപ്പെട്ടതായി റെയ്ഹാൻ വെളിപ്പെടുത്തി

നീക്കം ചെയ്ത ചിത്രങ്ങളിൽ ഭൂരിഭാഗവും ഡൽഹിയിൽ അടുത്തിടെ വിദ്യാർത്ഥികളും യുവാക്കളും നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടവയാണ്. വൈകുന്നേരത്തോടെ വെറും 35 ചിത്രങ്ങൾ മാത്രമാണ് ഗാലറിയിൽ ശേഷിച്ചത്. ചിത്രങ്ങൾ മാറ്റിയ ഇടങ്ങളിൽ വെച്ച ശൂന്യമായ ഫ്രെയിമുകൾക്കെതിരെയും അധികൃതർ എതിർപ്പ് പ്രകടിപ്പിച്ചു.

ഒരു പൗരനും കലാകാരനും എന്ന നിലയിൽ ഈ ചിത്രങ്ങൾ പകർത്തി പ്രദർശിപ്പിക്കേണ്ടത് തന്റെ കടമയായിരുന്നുവെന്ന് റെയ്ഹാൻ പറഞ്ഞു. കലയ്ക്ക് മേലുള്ള ഏത് തരത്തിലുള്ള നിയന്ത്രണങ്ങളും തെറ്റും നിരർത്ഥകവുമാണ്. എത്ര തടസ്സങ്ങൾ സൃഷ്ടിച്ചാലും കല ജനങ്ങളിലേക്ക് എത്തുപ്പെടുക തന്നെ ചെയ്യുമെന്നും റെയ്ഹാൻ വ്യക്തമാക്കി.  

അധികൃതരുടെ ഈ നടപടി പരിഹാസ്യവും രാജ്യത്തുടനീളമുള്ള യുവാക്കളുടെ ശബ്ദത്തെ നിശബ്ദമാക്കാനുള്ള ശ്രമവുമാണെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. "ഇന്ന് ഇത് അവനാണ്, നാളെ മറ്റൊരു കലാകാരനായിരിക്കും," പ്രിയങ്ക പറഞ്ഞു.

ഡൽഹിയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന ജനകീയ പ്രക്ഷോഭങ്ങളെയാണ് താൻ പകർത്തിയതെന്ന് റെയ്ഹാൻ പറഞ്ഞു. ഒരു നിരീക്ഷകൻ എന്നതിലുപരി പ്രക്ഷോഭങ്ങളിൽ പങ്കാളിയായാണ് താൻ ചിത്രങ്ങൾ പകർത്തിയതെന്ന് 26-കാരനായ റെയ്ഹാൻ വിവരിച്ചു. "ഒരു ജനക്കൂട്ടത്തെ ഉള്ളിൽ നിന്ന് ചിത്രീകരിക്കുന്നതും അത്തരം വൻ പ്രസ്ഥാനങ്ങൾ പുറത്തുകൊണ്ടുവരുന്ന കാവ്യത്മകത കാണുന്നതും വളരെ ആകർഷകമായിരുന്നു," അദ്ദേഹം പറഞ്ഞു