നീലക്കടലിന്‍റെ രഹസ്യപുസ്തകം:  മനുഷ്യമനസ്സിന്‍റെ ആഴങ്ങളിലേക്കൊരു യാത്ര; കെ ആര്‍ മോഹന്‍ദാസ്

Oct 21, 2026 - 15:40
 0  15
നീലക്കടലിന്‍റെ രഹസ്യപുസ്തകം:  മനുഷ്യമനസ്സിന്‍റെ ആഴങ്ങളിലേക്കൊരു യാത്ര;  കെ ആര്‍ മോഹന്‍ദാസ്
നീലകടലിന് എന്തൊക്കെയോ പറയാനുണ്ട്. പക്ഷേ അതിന്‍റെ ഭാഷ തിരമാലകൾക്കറിയാം, അതിന്‍റെ മൗനം ആഴങ്ങൾക്കറിയാം, അതിന്‍റെ സംഗീതം ഹൃദയംകൊണ്ട് കേൾക്കാൻ കഴിയുന്നവർക്കു മാത്രമേ തിരിച്ചറിയാനാകൂ. ചില രഹസ്യങ്ങൾ വാക്കുകളിൽ ഒതുങ്ങുന്നവയല്ല; അവ അനുഭവിച്ചറിയേണ്ടവയാണ്. അവ ആത്മാവിൽ ഒരു ജീവിതകാലം മുഴുവൻ അലയടിച്ചുകൊണ്ടിരിക്കും.
ഒരുപക്ഷേ, നീലക്കടലിന്‍റെ ഏറ്റവും വലിയ രഹസ്യം അതിന്‍റെ ആഴങ്ങളിലോ തിരമാലകൾക്കപ്പുറത്തെ അജ്ഞാത തീരങ്ങളിലോ ആയിരിക്കില്ല. മറിച്ച്, അതിനെ നോക്കിനിൽക്കുന്ന മനുഷ്യഹൃദയത്തിൽ ഉണരുന്ന അടങ്ങാത്ത അന്വേഷണത്വരയിലായിരിക്കാം. ഓരോ തിരയും പുതിയൊരു ചോദ്യമാണ്. 
മനുഷ്യമനസ്സിന്‍റെ കടലോളം അഗാധമായൊരു ആഖ്യാനമാണ് ലാലി രംഗനാഥിന്‍റെ നീലക്കടലിന്‍റെ രഹസ്യപുസ്തകം. വായന അവസാനിച്ചാലും അതിലെ കഥാപാത്രങ്ങളും അവരുടെ അനുഭവങ്ങളും മനസ്സിൽ തിരകളായി വന്നടിച്ചുകൊണ്ടിരിക്കും. ചില വേദനകൾ ചോദ്യങ്ങളായി അവശേഷിക്കും; ചില മൗനങ്ങൾ പുതിയ അർത്ഥങ്ങൾ തുറന്നുതരും.
“മനുഷ്യന്‍ ഒരു നീലക്കടലാണ്... മുഖത്ത് പുഞ്ചിരിയുടെ തിരമാലകൾ നിറയുമ്പോഴും മനസ്സിന്‍റെ ആഴങ്ങളിൽ ആരും കാണാത്ത കൊടുങ്കാറ്റുകളും രഹസ്യങ്ങളും നിഗൂഢതകളും ഒളിഞ്ഞിരിക്കുന്നു.”
മനുഷ്യന്‍റെ ആന്തരികലോകത്തെ ഇത്രമേൽ അർത്ഥവത്തായി അടയാളപ്പെടുത്തുന്ന ഈ ചിന്തയാണ് ലാലി രംഗനാഥിന്‍റെ നീലക്കടലിന്‍റെ രഹസ്യപുസ്തകം എന്ന നോവലിന്‍റെ ആത്മാവ്. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളിലൂടെയും മനസ്സിന്‍റെ അറിയപ്പെടാത്ത ഇടനാഴികളിലൂടെയും സഞ്ചരിക്കുന്ന ഈ നോവല്‍, കടലിന്‍റെ അഗാധതയും മനുഷ്യന്‍റെ വൈകാരികലോകവും തമ്മിലുള്ള അപൂർവമായൊരു ബന്ധം അനാവരണം ചെയ്യുന്നു.
ഉറൂബിന്‍റെ സുന്ദരികളും സുന്ദരന്മാരും എന്ന നോവലിൽ മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണമായ അടരുകൾ അനാവരണം ചെയ്യപ്പെടുന്നതുപോലെ, ഈ നോവലിലും കഥാപാത്രങ്ങളുടെ ആന്തരികസംഘർഷങ്ങൾ പരസ്പരം കെട്ടുപിണഞ്ഞ് കഥയുടെ ഗതിയെ നിർണയിക്കുന്നുവെന്ന അവതാരികയിലെ ആലങ്കോട് ലീലാകൃഷ്ണന്‍റെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. 
മനുഷ്യമനസ്സുകളുടെ സങ്കീർണ്ണതകളിലേക്കും ബന്ധങ്ങളുടെ ആഴങ്ങളിലേക്കും വെളിച്ചം വീശുന്ന ഈ താരതമ്യം നോവലിന്‍റെ ആന്തരികമികവിലേക്കുള്ള ഒരു സവിശേഷമായ ചൂണ്ടുവിരൽ കൂടിയാണ്.
ഓരോ ജീവിതവും മറ്റൊന്നിനെ സ്വാധീനിക്കുകയും ഓരോ അനുഭവവും പുതിയ തിരിച്ചറിവുകളിലേക്ക് നയിക്കുകയും ചെയ്യുന്നു. പുറമേനിന്ന് ലളിതമെന്നു തോന്നുന്ന ജീവിതങ്ങൾക്കുള്ളിൽ എത്രയോ പറയാത്ത കഥകളും ഉണങ്ങാത്ത മുറിവുകളും ഒളിഞ്ഞിരിക്കുന്നുവെന്ന് എഴുത്തുകാരി അനുവാചകരെ ഓർമിപ്പിക്കുന്നു.
ക്യാപ്റ്റൻ നിരീഷ് ദാസ്, ഭാര്യ താര, രൂപേഷും റാണിയും തമ്മിലുള്ള പ്രണയം, നിരീഷിനെ നിരന്തരം ഫോണിലൂടെ ബന്ധപ്പെടുന്ന മായ—ഇവരുടെ ജീവിതങ്ങളിലൂടെയാണ് നോവലിന്‍റെ വൈകാരികലോകം വികസിക്കുന്നത്. ഇവയിൽ നിരീഷും മായയും തമ്മിലുള്ള സൗഹൃദം സവിശേഷമായൊരു സ്ഥാനമലങ്കരിക്കുന്നു. മനസ്സിൽ അടക്കിവെച്ച വേദനകളും ആരോടും പറയാനാകാത്ത രഹസ്യങ്ങളും തുറന്നുപറയാൻ കഴിയുന്ന ഒരാളുടെ സാന്നിധ്യം എത്ര വിലപ്പെട്ടതാണെന്ന് ഈ ബന്ധം വെളിപ്പെടുത്തുന്നു.
നിരീഷ് ദാസിന്‍റെ ജീവിതത്തിൽ മായ അത്തരമൊരു വിശ്വസ്തസാന്നിധ്യമാണ്. എന്നാൽ ആ സൗഹൃദത്തിന്‍റെ ആഴങ്ങളിൽ ഒളിഞ്ഞുകിടക്കുന്നത് വേദനാജനകമായൊരു ഭൂതകാലമാണ്. സഹോദരതുല്യനായ സിദ്ധുവിൽനിന്ന് നിരീഷിന് നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങളുടെ അനുഭവങ്ങൾ അയാളുടെ മനസ്സിൽ മായാത്ത മുറിവുകളായി അവശേഷിക്കുന്നു. സിദ്ധു മരിക്കുന്നതുവരെയുള്ള ആ ദുരനുഭവങ്ങൾ നിരീഷ് മായയോട് പങ്കുവെക്കുമ്പോൾ, പുറമേ കാണുന്ന മനുഷ്യനും ഉള്ളിൽ വേദനകൾ പേറുന്ന മനുഷ്യനും തമ്മിലുള്ള അകലം വായനക്കാരൻ തിരിച്ചറിയുന്നു. മറ്റൊരാളുടെ ജീവിതത്തെ വിലയിരുത്തുന്നതിനുമുമ്പ് അയാൾ കടന്നുപോയ അനുഭവങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ടെന്ന മാനുഷികമായ ബോധ്യവും ഈ ആഖ്യാനം പകരുന്നു.
സ്നേഹിക്കാനും മറ്റൊരാളെ മനസ്സിലാക്കാനും കഴിയുന്ന മനസ്സ് നഷ്ടപ്പെടുമ്പോൾ മനുഷ്യൻ അനുഭവിക്കുന്ന ശൂന്യതയാണ് നോവലിന്‍റെ വൈകാരികതലത്തിൽ തെളിഞ്ഞുനിൽക്കുന്ന പ്രധാന ചിന്തകളിലൊന്ന്. എങ്കിലും ലാലി രംഗനാഥ് ഈ വേദനകളെ വെറും വിലാപങ്ങളായി അവതരിപ്പിക്കുന്നില്ല. മനുഷ്യനിലെ മനുഷ്യനെ കണ്ടെത്താനുള്ള അന്വേഷണമായാണ് അവയെ ആവിഷ്കരിക്കുന്നത്. കഥാപാത്രങ്ങളുടെ ദൗർബല്യങ്ങളെയും വൈകാരികസംഘർഷങ്ങളെയും മറച്ചുവെക്കാതെ അവതരിപ്പിക്കുന്നതിലൂടെ, ജീവിതത്തിന്‍റെ സങ്കീർണ്ണതകൾക്കിടയിലും സ്നേഹത്തിന്‍റെയും സഹാനുഭൂതിയുടെയും പ്രസക്തി എഴുത്തുകാരി ഓർമിപ്പിക്കുന്നു. സത്യത്തെ വിസ്മരിക്കാത്ത ഈ ആഖ്യാനരീതി നോവലിന് മാനുഷികമായൊരു ആഴം നൽകുന്നു.
കടൽ, സ്പെയിൻ, ബാർസലോണ, ഫ്രാൻസിലേക്കുള്ള യാത്ര, പ്രക്ഷുബ്ധമായ കടൽസാഹചര്യങ്ങൾ എന്നിവയും നോവലിന്‍റെ പ്രമേയത്തോടൊപ്പം അർത്ഥവത്തായി വളരുന്നു. അവ കേവലം പശ്ചാത്തലങ്ങളല്ല; കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളുമായി ചേർന്നുനിൽക്കുന്ന ആഖ്യാനഘടകങ്ങളാണ്. 
കടലിന്‍റെ ഉപരിതലത്തിൽ കാണുന്ന തിരമാലകൾക്കപ്പുറം അജ്ഞാതമായ അടിയൊഴുക്കുകളും ചുഴികളും ഒളിഞ്ഞിരിക്കുന്നതുപോലെ, മനുഷ്യന്‍റെ ചിരിക്കും മൗനത്തിനും പിന്നിലും വെളിപ്പെടുത്താനാവാത്ത അനുഭവങ്ങളുണ്ട്. ഈ സാമ്യത്തെ ആഖ്യാനത്തിന്‍റെ കേന്ദ്രബിംബമാക്കി മാറ്റുന്നതിലാണ് നോവലിന്‍റെ സവിശേഷത. ഓരോ കഥാപാത്രവും ഓരോ രഹസ്യപുസ്തകമായി മാറുന്നു. 
വ്യത്യസ്തമായൊരു പ്രമേയത്തെ മനഃശാസ്ത്രപരമായ ഉൾക്കാഴ്ചകളോടും അനുഭവങ്ങളോടും ചേർത്തിണക്കുന്നതിൽ ലാലി രംഗനാഥിന്‍റെ രചനാകൗശലം പ്രകടമാണ്. കഥാപാത്രങ്ങളുടെ വൈകാരികലോകത്തെ സൂക്ഷ്മമായി പിന്തുടരുന്ന ആഖ്യാനം, മനുഷ്യജീവിതത്തെ ഒരൊറ്റ കാഴ്ചപ്പാടിൽനിന്ന് വിലയിരുത്താനാവില്ലെന്ന തിരിച്ചറിവിലേക്ക് വായനക്കാരനെ നയിക്കുന്നു.
മനുഷ്യമനസ്സിന്‍റെ കടലോളം അഗാധമായൊരു ആഖ്യാനമാണ് നീലക്കടലിന്‍റെ രഹസ്യപുസ്തകം.
 വായന അവസാനിച്ചാലും നോവലിലെ കഥാപാത്രങ്ങളും അവരുടെ മനസ്സിന്‍റെ നിലവറകളിലൊളിപ്പിച്ച രഹസ്യങ്ങളും അനുവാചകഹൃദയങ്ങളില്‍  തിരകളായി വന്നടിച്ചുകൊണ്ടിരിക്കും. ചില വേദനകൾ ചോദ്യങ്ങളായി അവശേഷിക്കും.
നിരീഷ് ദാസിന്‍റെ ആരോടും പറയാത്ത ആ നീലക്കടല്‍രഹസ്യം പോലെ…..
‘’ …..വെള്ളത്തിൽ നിന്ന് ഉയർത്തിപ്പിടിച്ച രണ്ട് കൈകൾ, ശ്വാസത്തിന്‍റെ പുസ്തകത്തിൽ അവസാന വരി കുറിക്കുന്നത്, പകപ്പാടോടെ നോക്കിനിൽക്കുന്ന പതിനഞ്ചു വയസ്സുകാരന്‍റെ ചിത്രം, പലപ്പോഴും നിരീഷിന്‍റെ കൺമുന്നിൽ വന്യത പ്രാപിക്കുമായിരുന്നു.
ആ രഹസ്യം ആരുമറിയാതെ  മനസ്സിലൊളിപ്പിച്ചു വച്ചു... 
അങ്ങനെ ആ സംഭവം എന്നെന്നേക്കുമായി ഹൃദയക്കൂടിന്‍റെ തടവറയിലടയ്ക്കപ്പെട്ടു.. ഒരിക്കലും മോചിപ്പിക്കാതെ..
അയാളുടെ മരണംവരെ അത് അവിടെത്തന്നെയുണ്ടാകും.
 
കടൽ ഒരിക്കലും എല്ലാ രഹസ്യങ്ങളും പുറത്തുവിടാറില്ല.. ചില മനുഷ്യരെപ്പോലെ…’’
മനുഷ്യനെ അറിയുക എന്നത് അവന്‍റെ വാക്കുകൾ കേൾക്കുക മാത്രമല്ല, മൗനങ്ങൾക്കു പിന്നിലെ വേദനകളെ തിരിച്ചറിയുക കൂടിയാണ്. ആ തിരിച്ചറിവിലേക്കുള്ള ഹൃദയസ്പർശിയായൊരു യാത്രയാണ് ലാലി രംഗനാഥിന്‍റെ ഈ നോവൽ. കടലിന്‍റെ രഹസ്യങ്ങൾ തേടിയിറങ്ങുന്ന വായനക്കാരൻ ഒടുവിൽ കണ്ടെത്തുന്നത് മനുഷ്യഹൃദയങ്ങളുടെ അനന്തമായ ആഴങ്ങളെയാണ്.
പ്രസാധകര്‍ - ഐവറിബുക്സ്, വില 280 രൂപ
നോവല്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക: 94497 01221