നടൻ വിപി രാമചന്ദ്രൻ അന്തരിച്ചു
കണ്ണൂർ: പ്രമുഖ സിനിമാ സീരിയല്‍ നടൻ വിപി രാമചന്ദ്രൻ അന്തരിച്ചു. 81 വയസായിരുന്നു. മുപ്പത് വർഷത്തോളം കലാലോകത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു വിപി രാമചന്ദ്രന്റേത്.
സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയായിരുന്നു വിപി രാമചന്ദ്രൻ. എയർഫോഴ്‌സില്‍ നിന്ന് റിട്ടയേർഡ് ചെയ്‌ത ശേഷം അമേരിക്കൻ കോണ്‍സുലേറ്റില്‍ ജീവനക്കാരനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. പിന്നീടാണ് കലാരംഗത്ത് സജീവമായത്. 1987 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 19 സിനിമകളില്‍ അദ്ദേഹം വേഷമിട്ടിരുന്നു. അതിലേറെയും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളായിരുന്നു.
സിനിമകള്‍ക്ക് പുറമേ സീരിയല്‍ ലോകത്തും സജീവ സാന്നിധ്യമായിരുന്നു വിപി രാമചന്ദ്രൻ. അടുത്ത കാലം വരെ നിരവധി സീരിയലുകള്‍ക്ക് ശബ്‌ദം നല്‍കുകയും ചെയ്‌തിരുന്നു. ഡബ്ബിംഗ് രംഗത്തും മികവ് തെളിയിച്ചിരുന്നു അദ്ദേഹം. ലോക പ്രശസ്‌ത നർത്തകനും പത്മഭൂഷണ്‍ ജേതാവുമായ വിപി ധനഞ്ജയന്റെ സഹോദരൻ കൂടിയാണ് വിപി രാമചന്ദ്രൻ.
കിളിപ്പാട്ട്, അയ്യർ ദ് ഗ്രേറ്റ്, പോലീസ് ഓഫസർ, അപ്പു, കഥാനായിക, ഷെവിലിയർ, സദയം, യുവതുർക്കി, ദി റിപ്പോർട്ടർ, കണ്ടെത്തല്‍, അതിജീവനം, ഹരികൃഷ്‌ണൻസ് തുടങ്ങിയ മുൻനിര സിനിമകളില്‍ അദ്ദേഹം വേഷങ്ങള്‍ കൈകാര്യം ചെയ്‌തു. പലതും ചെറിയ കഥാപാത്രങ്ങളായിരുന്നു എങ്കിലും അദ്ദേഹം മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു.
വിപി ധനജ്ഞയന് പുറമേ വിപി മനോമോഹന്‍, വിപി വസുമതി, പരേതരായ വേണുഗോപാലന്‍ മാസ്‌റ്റര്‍, രാജലക്ഷ്‌മി, മാധവികുട്ടി, പുഷ്‌പവേണി എന്നിവരും അദ്ദേഹത്തിന്റെ സഹോദരങ്ങളാണ്. ഭാര്യ വത്സ രാമചന്ദ്രൻ. മക്കള്‍ ദീപ (ദുബായ് ). ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ). മരുമക്കള്‍ മാധവൻ കെ (ബിസിനസ്, ദുബായ്), ശിവസുന്ദർ (ബിസിനസ്, ചെന്നൈ).