സ്‌പൈസ് ജെറ്റ് ജീവനക്കാരന്റെ തലയ്ക്കടിച്ചു; സൈനിക ഉദ്യോഗസ്ഥനെതിരെ കേസ്

Aug 3, 2025 - 14:10
Aug 3, 2025 - 19:00
 0  5
സ്‌പൈസ് ജെറ്റ് ജീവനക്കാരന്റെ തലയ്ക്കടിച്ചു;  സൈനിക ഉദ്യോഗസ്ഥനെതിരെ കേസ്

ശ്രീനഗര്‍: വിമാനത്താവളത്തില്‍ അധിക ലഗേജിന് ഫീസ് ചോദിച്ചതിന് സൈനിക ഉദ്യോഗസ്ഥന്‍ വിമാനക്കമ്പനി ജീവനക്കാരനെ മര്‍ദിച്ചു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തില്‍ നാല് സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ജീവനക്കാര്‍ക്ക് നട്ടെല്ലിന് പൊട്ടല്‍ ഉള്‍പ്പെടെ 'ഗുരുതരമായ പരിക്ക്' സംഭവിച്ചതായി എയര്‍ലൈന്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ശ്രീനഗര്‍ വിമാനത്താവളത്തില്‍ ജൂലൈ 26നായിരുന്നു സംഭവം. ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള SG-386 വിമാനത്തിന്റെ ബോര്‍ഡിങ് ഗേറ്റിലാണ് സംഘര്‍ഷത്തിന്റെ തുടക്കം. വിമാനത്തിന്റെ ബോര്‍ഡിങ് ഗേറ്റില്‍ വെച്ച് സൈനിക ഉദ്യോഗസ്ഥന്‍ ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കയ്യില്‍ കിട്ടിയ പരസ്യ ബോര്‍ഡ് എടുത്താണ് സൈനിക ഉദ്യോഗസ്ഥന്‍ ജീവനക്കാരെ ആക്രമിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി സൈനികനെ പിടിച്ചുമാറ്റുകയായിരുന്നു. സംഘര്‍ഷത്തിന്റെ വിഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ സൈനിക ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഴു കിലോയില്‍ കൂടുതലുള്ള ക്യാബിന്‍ ലഗേജിന് അധിക ചാര്‍ജ് ഈടാക്കുമെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. സൈനിക ഉദ്യോഗസ്ഥന്റെ ആക്രമണത്തില്‍ ഒരു ജീവനക്കാരന്‍ ബോധരഹിതനായി തറയില്‍ വീണു. എന്നിട്ടും അയാളെ ചവിട്ടിയതായി പരാതിയില്‍ പറയുന്നു. സംഭവത്തെ ഗൗരവത്തോടെ കണ്ട സൈന്യം വിഷയത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും സിവില്‍ അന്വേഷണത്തെ പിന്തുണയ്ക്കുമെന്നും അറിയിച്ചു.

16 കിലോ ഭാരമുള്ള രണ്ട് കാബിന്‍ ബാഗേജുകള്‍ ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്നതായി സ്പൈസ് ജെറ്റ് പറഞ്ഞു. 'ഇത് അനുവദനീയമായ ഏഴു കിലോഗ്രാം എന്ന പരിധിയുടെ ഇരട്ടിയിലധികം വരും. അധിക ലഗേജിന് പണം നല്‍കണമെന്ന് അറിയിച്ചപ്പോള്‍ അദ്ദേഹം വിസമ്മതിക്കുകയും സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ച് ബോര്‍ഡിങ് പ്രക്രിയ പൂര്‍ത്തിയാക്കാതെ എയ്റോബ്രിഡ്ജില്‍ ബലം പ്രയോഗിച്ച് പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ഇടപെട്ട് സൈനിക ഉദ്യോഗസ്ഥനെ ഗേറ്റിലേക്ക് തിരികെ കൊണ്ടുവന്നു. ഗേറ്റില്‍ യാത്രക്കാരന്‍ കൂടുതല്‍ ആക്രമണകാരിയായി മാറുകയും സ്പൈസ് ജെറ്റ് ഗ്രൗണ്ട് സ്റ്റാഫിലെ നാല് അംഗങ്ങളെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു,'- സ്‌പൈസ് ജെറ്റ് പറഞ്ഞു.