ട്രംപിന്റെ വാദം തള്ളി ഇറാൻ; യുറേനിയം കൈമാറില്ല

Apr 17, 2026 - 06:49
 0  3
ട്രംപിന്റെ വാദം തള്ളി ഇറാൻ; യുറേനിയം കൈമാറില്ല

സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ രംഗത്തെത്തി. അത്തരത്തിലൊരു ധാരണയോ ചർച്ചയോ നടന്നിട്ടില്ലെന്ന് ഇറാനിയൻ വൃത്തങ്ങൾ അറിയിച്ചു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇറാൻ തങ്ങളുടെ ആണവ ശേഖരം കൈമാറാൻ തയ്യാറായെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ ഈ വാദം അടിസ്ഥാനരഹിതമാണെന്നും ഇത്തരം നീക്കങ്ങളെക്കുറിച്ച് യാതൊരു ആലോചനയും നടത്തിയിട്ടില്ലെന്നും ഇറാനിയൻ പാർലമെന്റ് സ്പീക്കറോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

ആണവായുധ മോഹം ഉപേക്ഷിക്കുന്നതിനും ആണവ സാമഗ്രികൾ കൈമാറുന്നതിനും പുറമെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാനും ഇറാൻ സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു. സമാധാന കരാർ യാഥാർഥ്യമായാൽ പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വെച്ച് അത് ഒപ്പിട്ടേക്കുമെന്നും താൻ അതിൽ പങ്കെടുത്തേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. രണ്ടാഴ്ചത്തെ വെടിനിർത്തൽ നീട്ടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നിശ്ചിത സമയത്തിനുള്ളിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ വീണ്ടും ആക്രമണം തുടങ്ങുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.

സമാധാന കരാർ ഉടൻ ഉണ്ടാകുമെന്ന് അമേരിക്ക പ്രതീക്ഷിക്കുമ്പോഴും, ഇറാൻ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നത് മേഖലയിൽ വീണ്ടും അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്. ആണവായുധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരുരാജ്യങ്ങളും ചർച്ച ചെയ്യുന്നുണ്ടെന്ന് പാക് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രണ്ടാം ഘട്ട ചർച്ചകളുടെ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, ഹോർമുസ് കടലിടുക്കിലെ സംഘർഷം ലഘൂകരിക്കുന്നതിനായി ദീർഘകാല സമാധാന കരാറിനെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഇരുപക്ഷവും ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്