ഇറാന്റെ പരമോന്നത നേതാവായി മൊജ്തബ ഖമനേയി: മൊജ്തബ പിതാവിനേക്കാള്‍ കടുത്ത നിലപാടുകാരൻ

Mar 9, 2026 - 10:16
 0  6
ഇറാന്റെ പരമോന്നത നേതാവായി മൊജ്തബ ഖമനേയി:  മൊജ്തബ പിതാവിനേക്കാള്‍ കടുത്ത നിലപാടുകാരൻ

ഇറാന്റെ പരമോന്നത നേതാവായി മൊജ്തബ ഖമനയിയെ തിരഞ്ഞെടുത്തതിനു പിന്നാലെ ടെഹ്റാനില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതായി രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇസ്രയേല്‍-യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനേയിക്ക് പകരക്കാരനായാണ് രണ്ടാമത്തെ മകനായ 56 കാരനായ മൊജ്തബ പരമോന്നത നേതാവാകുന്നത്. ഇറാനില്‍ അച്ഛന് ശേഷം മകന് എന്ന നിലയില്‍ അധികാര കൈമാറ്റം നടന്നതില്‍ ആഘോഷവും പ്രതിഷേധവും വ്യാപകമാണ്.

പിതാവിനേക്കാള്‍ കടുത്ത നിലപാടുള്ള മൊജ്തബയക്ക് റവല്യൂഷനറി ഗാര്‍ഡിലെ ഉന്നതരുമായി അടുപ്പമുള്ളത് കൂടിയാണ് അധികാര കൈമാറ്റത്തിന് പിന്നില്‍. കാലങ്ങളായി ഭരണത്തിന് പിന്നില്‍ ഖമനേയിയുടെ മകന്റെ കൈകളുണ്ടെന്ന് പരക്കെ അറിയപ്പെടുന്നുണ്ട്. സമീപ വര്‍ഷങ്ങളില്‍ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിന് ആളുകള്‍ എതിര്‍ക്കുന്ന നേതാവ് കൂടിയാണ് മൊജ്തബ ഖമേനി. ഖമനേയി ഭരണകൂടം പൗരന്മാരെയും രാഷ്ട്രീയ എതിരാളികളെയും പതിവായി ലക്ഷ്യം വച്ചതും കൊലപ്പെടുത്തിയതും സ്ത്രീകള്‍ക്കെതിരായ നിയമങ്ങളുമെല്ലാം വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു.

ഇറാനില്‍ വലിയ രീതിയിലുള്ള ആഭ്യന്തര സംഘര്‍ഷം നടക്കുന്നതിന് ഇടയില്‍ ഖമേനേയിയുടെ പിന്‍ഗാമിയായി മകന്‍ തന്നെയെത്തിയത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. മൊജ്തബയുടെ നിയമനം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ടെഹ്റാനിലെ എക്ബതാന്‍ പരിസരത്തുള്ള വീടുകളുടെ ജനാലകളിലൂടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നാണ് റിപ്പോര്‍ട്ട്.