40 ദിവസത്തെ അടച്ചുപൂട്ടലിന് വിരാമം: അമേരിക്കയിൽ ഷട്ട്ഡൗൺ അവസാനിക്കുന്നു
വാഷിങ്ടൺ: അമേരിക്കയിൽ 40 ദിവസത്തെ സ്തംഭനാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട് ഷട്ട്ഡൗൺ അവസാനിക്കുന്നു. സെനറ്റിൽ ഒത്തുതീർപ്പായതോടെയാണ് അടച്ചുപൂട്ടൽ അവസാനിക്കുന്നത്. ജനുവരി 31 വരെ ധനവിനിയോഗത്തിന് അനുമതിയായി. ആരോഗ്യ പരിരക്ഷാ നികുതി ഇളവ് ഇപ്പോഴില്ല. ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയും മരവിപ്പിക്കും. യുഎസ് കോൺഗ്രസിന്റെ അനുമതി ഉടനുണ്ടാകും.
രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാർ ഉടൻ സാധ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച പറഞ്ഞിരുന്നു. സ്തംഭനാവസ്ഥ ഉടൻ അവസാനിക്കുമെന്നതിന്റെ സൂചനയാണിതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടൽ രാജ്യത്തെ പലമേഖലകളെയും ബാധിച്ചിട്ടുണ്ട്. ഷട്ട് ഡൗണിന്റെ ഭാഗമായി അമേരിക്കൻ ഫെഡറൽ ഏവിയേഷൻ വിമാന സർവീസുകൾ വെട്ടിക്കുറച്ചിരുന്നു. ഇതോടെ അമേരിക്കയിൽ 5,000ത്തിലധികം വിമാനങ്ങൾ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എയർ ട്രാഫിക് കൺട്രോളർമാരുടെ കൂട്ട അവധിയാണ് വിമാന സർവീസുകൾ കുറയ്ക്കാനിടയാക്കിയത്.
ഒക്ടോബർ ഒന്നിനായിരുന്നു അമേരിക്കയിൽ അടച്ചുപൂട്ടൽ നടപ്പാക്കിക്കൊണ്ട് ഡോണൾഡ് ട്രംപ് ഉത്തരവിറക്കിയത്. അടച്ചുപൂട്ടലിന് ശേഷം അത്യാവശ്യ സർവീസുകൾ മാത്രമാണ് നടക്കുന്നത്. സർക്കാർ സേവനങ്ങൾ നിർത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗൺ എന്ന് വിശേഷിപ്പിക്കുന്നത്.1981 ന് ശേഷം അമേരിക്കയിൽ നിലവിൽ വന്ന പതിനഞ്ചാം ഷട്ട്ഡൗൺ ആണിത്.
2018-19 വർഷത്തെ ഷട്ട്ഡൗണിൽ 35 ദിവസത്തെ ഭരണസ്തംഭനമുണ്ടായിരുന്നു. ഫെഡറൽ സർക്കാരിന്റെ 12 വാർഷിക അപ്രോപ്രിയേഷൻ ബില്ലുകളാണ് വിവിധ വകുപ്പുകളുടെ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ടിംഗ് ഉറപ്പാക്കുന്നത്. ഇവ കോൺഗ്രസിൽ പാസാകാതെയോ പാസാക്കിയ ബില്ലിൽ പ്രസിഡന്റ് ഒപ്പിടാതെയോ വരുമ്പോഴാണ് സർക്കാർ സേവനങ്ങൾ തടസ്സപ്പെടുന്നത്.