തമിഴ്നാട്ടിൽ എച്ച്5എൻ1 സ്ഥിരീകരിച്ചു; നൂറുകണക്കിന് കാക്കകൾ ചത്ത നിലയിൽ

Feb 6, 2026 - 15:46
 0  3
തമിഴ്നാട്ടിൽ എച്ച്5എൻ1 സ്ഥിരീകരിച്ചു; നൂറുകണക്കിന് കാക്കകൾ ചത്ത നിലയിൽ

ചെന്നൈ: ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. നഗരത്തിലെ അഡയാർ, ഗാന്ധി നഗർ, പള്ളിക്കരണൈ, വെലാച്ചേരി തുടങ്ങിയ മേഖലകളിൽ നൂറുകണക്കിന് കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ എച്ച്5എൻ1 (H5N1) വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.

കാക്കകളെയാണ് ഈ വൈറസ് പ്രധാനമായും ബാധിച്ചിരിക്കുന്നത്. രോഗബാധയേറ്റ പക്ഷികളുടെ അവശിഷ്ടങ്ങൾ സ്പർശിക്കരുതെന്നും അവ ശാസ്ത്രീയമായി ആഴത്തിൽ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ വേണമെന്നും അധികൃതർ അറിയിച്ചു. പക്ഷികൾ കൂട്ടമായി ചത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പ്രാദേശിക ഭരണകൂടത്തെയോ ആരോഗ്യവിഭാഗത്തെയോ വിവരമറിയിക്കണം.

സാധാരണയായി പക്ഷികളിൽ കണ്ടുവരുന്ന ഒരു പകർച്ചവ്യാധിയാണിത്. എച്ച്5എൻ1, എച്ച്5എൻ8 തുടങ്ങിയ പല വകഭേദങ്ങളിൽ ഇവ പടരാറുണ്ട്. ചെന്നൈയിൽ നിലവിൽ എച്ച്5എൻ1 വൈറസാണ് കണ്ടെത്തിയിരിക്കുന്നത്.