തിരുവല്ലയിൽ ഗുണ്ടാ വിളയാട്ടം; പിരിവ് നൽകാത്തതിന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
തിരുവല്ലയിൽ നടുക്കുന്ന ക്രൂരത. ഗുണ്ടാപ്പിരിവ് നൽകാത്തതിന്റെ പേരിൽ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും സംഘവും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. നാടിനെ നടുക്കിയ ഈ സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ‘മരണ സുബിൻ’ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ ഉൾപ്പെടെയുള്ളവർ പിടിയിലായി.
തിരുവല്ല മഞ്ഞാടിയിൽ പ്രവർത്തിക്കുന്ന സ്പാ കേന്ദ്രത്തിലാണ് ഞെട്ടിക്കുന്ന അതിക്രമം അരങ്ങേറിയത്. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് മൂന്നരയോടെ സ്പായിലേക്ക് അതിക്രമിച്ചു കയറിയ ആറംഗ ഗുണ്ടാസംഘം 50,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെടുകയായിരുന്നു.
തൃശ്ശൂർ സ്വദേശിയായ ഉടമ പതിനായിരം രൂപ നൽകാമെന്ന് അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാതെ സംഘം അക്രമാസക്തരായി. തുടർന്ന് റിസപ്ഷനിൽ ഉണ്ടായിരുന്ന യുവതിയെ ബലമായി മുറിക്കുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ കഴുത്തിൽ കത്തിവെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഈ കൊടുംക്രൂരത.
പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ, സ്പായിൽ ഉണ്ടായിരുന്ന 25,000 രൂപയും കവർന്നാണ് അവിടെനിന്നും മടങ്ങിയത്. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് യുവതിയെയും മറ്റ് ജീവനക്കാരെയും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. ഭയം കാരണം ആദ്യം പരാതി നൽകാൻ തയ്യാറാകാതിരുന്ന യുവതി, പിന്നീട് പോലീസിന്റെ ഇടപെടലിനെ തുടർന്നാണ് മൊഴി നൽകാൻ തയ്യാറായത്.