കേരളത്തില്‍ ഒരു കാരണവശാലും എന്‍ പി ആര്‍ നടപ്പാക്കില്ല; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍

Feb 6, 2026 - 20:18
Feb 6, 2026 - 20:25
 0  4
കേരളത്തില്‍ ഒരു കാരണവശാലും എന്‍ പി ആര്‍ നടപ്പാക്കില്ല; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം ; പുതിയ സെന്‍സസിന്റെ ഭാഗമായി കേരളത്തില്‍ ഒരു കാരണവശാലും ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ (എന്‍ പി ആര്‍) നടപ്പാക്കില്ല എന്നുറപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ സെന്‍സസിനൊപ്പം എന്‍ പി ആര്‍ നടപ്പാക്കാനുള്ള എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ 2019-ല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിലേതായിരുന്നു.

സംസ്ഥാനത്ത് ഒരു കാരണവശാലും എന്‍ പി ആര്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച കേരളത്തിലെ സര്‍ക്കാര്‍ തന്നെയാണ് സി എ എയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സ്യൂട്ട് ഫയല്‍ ചെയ്തതും. ഈ നിലപാടുകളുടെ തുടര്‍ച്ചയാണ് പുതിയ ഉത്തരവെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു കാരണവശാലും കേരളത്തില്‍ എന്‍ പി ആര്‍ നടപ്പിലാക്കില്ല എന്നത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്.

 കോവിഡ് കാരണം പിന്നീട് സെന്‍സസ് നടപടിക്രമങ്ങള്‍ നടന്നില്ല. അടുത്ത വര്‍ഷം മുതല്‍ രാജ്യത്താകെ സെന്‍സസ് നടപടികള്‍ വീണ്ടും ആരംഭിക്കുന്ന സാഹചര്യത്തില്‍ സെന്‍സസിനൊപ്പം നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ കൂടി നടത്തിയേക്കും എന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ സെന്‍സസിന്റെ ഭാഗമായി കേരളത്തില്‍ ഒരു കാരണവശാലും എന്‍ പി ആര്‍ നടപ്പാക്കില്ല എന്നുറപ്പാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.