മലപ്പുറം പൂക്കോട്ടുംപാടത്ത് സ്ത്രീയെ പുലി ആക്രമിച്ചു; ജനങ്ങൾ ഭീതിയിൽ
മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടത്ത് തുണിഅലക്കുന്നതിനിടെ സ്ത്രീയെ പുലി ആക്രമിച്ചു. ഉപ്പുവള്ളി മാമ്പറ്റ വഴിമൂച്ചിക്കൽ നഗറിലെ ജാനകിക്കാണ് (60) പരിക്കേറ്റത്. വീടിന് സമീപത്തെ കുളത്തിൽ തുണി അലക്കിക്കൊണ്ടിരിക്കെയായിരുന്നു പുലിയുടെ മിന്നലാക്രമണം.
ജാനകിയുടെ മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ജാനകിയെ ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. വനമേഖലയോട് ചേർന്നുള്ള പ്രദേശമായതിനാൽ പ്രദേശവാസികൾ ഇപ്പോൾ വലിയ ഭീതിയിലാണ്.