ഗുരുവായൂര്‍ റീല്‍സ് ചിത്രീകരണ വിവാദം; ജസ്‌ന സലിം ജീവനൊടുക്കാന്‍ ശ്രമിച്ചു
കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് റീല്‍സ് ചിത്രീകരിച്ചത് വിവാദമായതിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച് ജസ്‌ന സലിം. ജീവനൊടുക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ജസ്‌ന സലിം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടു. തന്നെ എന്തിനാണ് ആളുകള്‍ ഇങ്ങനെ വെറുക്കുന്നതെന്ന് ജസ്‌ന വീഡിയോയില്‍ ചോദിക്കുന്നു. കൈ ഞരമ്പ് മുറിച്ചായിരുന്നു ജസ്‌നയുടെ ആത്മഹത്യ ശ്രമം.
ജസ്‌നയുടെ കൈയില്‍ നിന്നും ചോരയൊലിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ പിന്നീട് ഇവര്‍ ആ വിഡിയോ ഡിലീറ്റ് ചെയ്തു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരില്‍ റീല്‍സ് ചിത്രീകരിച്ചതിനാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വലിയ തോതിലുള്ള വിചാരണങ്ങള്‍ക്കും ഇവര്‍ പാത്രമായി.
ഗുരുവായൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ വെച്ചായിരുന്നു ചിത്രീകരണം. നേരത്തെ ഗുരുവായൂരില്‍ വെച്ച് ജസ്‌ന കേക്ക് മുറിച്ചതും റീല്‍സ് ചിത്രീകരിച്ചതുമെല്ലാം വിവാദമായിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതി ക്ഷേത്രത്തില്‍ വീഡിയോ എടുക്കുന്നത് ഹൈക്കോടതി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഈ നിയന്ത്രണം നിലനില്‍ക്കെയാണ് ജസ്‌നയുടെ മറ്റൊരു റീല്‍ ചിത്രീകരണം.