ഡൽഹിയിൽ ചെങ്കോട്ടയ്ക്കടുത്ത് സ്ഫോടനം: ഒൻപത് മരണം; വൻ സുരക്ഷാ ആശങ്ക
ന്യൂഡൽഹി: ഡൽഹിയിൽ വൻ സ്‌ഫോടനം. അതീവ സുരക്ഷ മേഖലയായ ചെങ്കോട്ടയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഇതുവരെ 9 മരണം സ്ഥിരീകരിച്ചു. 12 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ലാൽ ഖ്വില മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 1ന് സമീപമാണ് സ്ഫോടനം നടന്നത്. പാർക്ക് ചെയ്തിരുന്ന കാറിലാണ് സ്ഫോടനം നടന്നതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു.
സ്ഫോടനത്തെ തുടർന്ന് സമീപത്തുണ്ടായിരുന്ന മൂന്നോ നാലോ വാഹനങ്ങൾക്ക് തീപിടിച്ചതായും ഡൽഹി ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്‌ടിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ചെങ്കോട്ട. ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ സമീപത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.
സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ ഡൽഹിയിലും രാജ്യത്തെ മറ്റ് പ്രധാനനഗരങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകി. ഡൽഹിയിൽ സ്ഫോടനം നടന്ന പ്രദേശത്തെ ഗതാഗതം പൂർണമായും നിരോധിച്ചു. എന്നാൽ മെട്രോ സർവ്വീസുകൾ നിർത്തിയിട്ടില്ല.