അപകടസ്ഥലങ്ങളിൽ പോലും പരിക്കേറ്റവരെ സഹായിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്തി ഉള്ളടക്കം നിർമിക്കാനാണ് ആളുകൾ ശ്രമിക്കുന്നത്: നീതിപൂർവമായ വിചാരണയ്ക്ക് സോഷ്യൽ മീഡിയ വെല്ലുവിളി; സുപ്രീം കോടതി

Mar 22, 2026 - 13:45
 0  4
അപകടസ്ഥലങ്ങളിൽ പോലും പരിക്കേറ്റവരെ സഹായിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്തി ഉള്ളടക്കം നിർമിക്കാനാണ് ആളുകൾ ശ്രമിക്കുന്നത്: നീതിപൂർവമായ വിചാരണയ്ക്ക് സോഷ്യൽ മീഡിയ വെല്ലുവിളി; സുപ്രീം കോടതി
ന്യൂഡൽഹി: സോഷ്യൽ മീഡിയാ വിചാരണകളും വ്യാജ മാധ്യമപ്രവർത്തനവും നീതിപൂർവമായ വിചാരണയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഇന്ന് മൊബൈൽ ഫോൺ കൈയ്യിലുള്ള ഓരോ വ്യക്തിയും മാധ്യമമായി മാറുന്ന പ്രവണത കുറ്റാരോപിതരുടെ അവകാശങ്ങളെ ഹനിക്കുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി.
പലപ്പോഴും അപകടസ്ഥലങ്ങളിൽ പോലും പരിക്കേറ്റവരെ സഹായിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്തി ഉള്ളടക്കം നിർമ്മിക്കാനാണ് ആളുകൾ ശ്രമിക്കുന്നതെന്നും ഇത് ഡിജിറ്റൽ അറസ്റ്റിന് സമാനമായ സാഹചര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
അറസ്റ്റിലാകുന്ന പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും പോലീസ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കുന്നത് ജനങ്ങൾക്കിടയിൽ മുൻവിധി ഉണ്ടാക്കാൻ കാരണമാകുന്നുണ്ട്. ഇത് പിന്നീട് തെളിവുകളുടെ അഭാവത്തിൽ കുറ്റാരോപിതർ വിട്ടയക്കപ്പെടുമ്പോൾ ജുഡീഷ്യറിക്കെതിരെ ജനങ്ങൾ തിരിയുന്ന സാഹചര്യം സൃഷ്ടിക്കുന്നു. നഗരങ്ങളിലും പട്ടണങ്ങളിലും മാധ്യമപ്രവർത്തകർ എന്ന വ്യാജേന വാഹനങ്ങളിൽ ബോർഡുകൾ വെച്ച് ദുരുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നവർ വർദ്ധിച്ചുവരുന്നതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു.
പരമ്പരാഗത മാധ്യമങ്ങൾ ഒരു പരിധിവരെ നിയന്ത്രണം പാലിക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയ നിയന്ത്രണാതീതമാണെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി പറഞ്ഞു.