കോട്ടയം: സഭയ്ക്കെതിരെയല്ല, ഒരു ബിഷപ്പിനെതിരെയാണ് താൻ സംസാരിച്ചതെന്നും പിതാക്കന്മാർ നന്ദികേട് കാണിച്ചാൽ ഇനിയും പറയുമെന്നും പി സി ജോർജ്. വിവാദങ്ങൾക്കിടെ പാലാ ബിഷപ് ഹൗസ് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്പുമാർക്കും ദീപികയ്ക്കുമെതിരെയുള്ള അധിക്ഷേപ പരാമർശത്തിന് പിന്നാലെയാണ് സന്ദർശനം.
സഭയുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. സഭയിലെ പിതാക്കന്മാരെയെല്ലാം എനിക്ക് ബഹുമാനമാണ്. പിതാക്കന്മാർ നന്ദികേട് കാണിച്ച് രാഷ്ട്രീയം കളിച്ചാൽ നല്ല വർത്തമാനം പറയും ഇനിയും പറയും. കാഞ്ഞിരപ്പിള്ളി ബിഷപ്പ് മാത്രമാണ് മടത്തിൽ വിളിച്ച് പറഞ്ഞത്. കാഞ്ഞിരപ്പിള്ളി രൂപതയ്ക്ക് ഏറ്റവും കൂടുതൽ ഉപകാരം ചെയ്ത പൊതുപ്രവർത്തകനാണ് ഞാൻ. ആ എനിക്കെതിരായിട്ട് പറഞ്ഞാൽ വോട്ട് കിട്ടുമോ.
സിസ്റ്റർ വിളിച്ച് പറഞ്ഞാണ് ഞാൻ അറിഞ്ഞത്. എന്നെ അനുകൂലിച്ച് മെത്രാന്മാർ സംസാരിക്കണമെന്ന് ഞാൻ പറയുന്നില്ല. അത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. പിതാക്കന്മാർ എപ്പോഴും സഭയുമായി ബന്ധപ്പെട്ട് പോകേണ്ടവരാണ്. ക്രിസ്‍ത്യൻ സഭയ്ക്കകത്ത് എല്ലാ രാഷ്ട്രീയക്കാരും ഉണ്ടായിരിക്കും. സഭ എന്തിനാണ് രാഷ്ട്രീയത്തിൽ ഇടപെടുന്നത്.
ഞാനും ഷോൺ ജോർജും കേരളനിയമസഭയിൽ കാണും. ജോസഫ് പള്ളിക്കാപ്പറമ്പിൽ തിരുമേനിക്ക് നൂറ് വയസ് തികയുന്നതിന്റെ ഭാഗമായി ആശംസ അറിയിക്കാൻ വന്നതാണെന്നും സന്ദർശനത്തിന് മറ്റ് ലക്ഷ്യമൊന്നുമില്ലെന്നും പി സി ജോർജ് വ്യക്തമാക്കി.
ഇതേസമയം പിസി ജോർജിന് ചുട്ട മറുപടിയുമായി ദീപിക ദിനപത്രം മുഖപ്രസംഗം. ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ലെന്ന് ദീപിക മുഖപ്രസംഗത്തിൽ പറയുന്നു. മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ഇനിയും പറയേണ്ടി വരുമെന്നും ദീപിക പറയുന്നു. കേരളത്തിലെ കവല ചട്ടമ്പിമാർ അധികാരമുണ്ട് കാണിച്ചുതരാമെന്നാണ് പറയുന്നതെന്നും രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുതെന്നും ദീപിക പറഞ്ഞു. എല്ലാവർക്കും വേണ്ടി എന്ന് പറയുന്ന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഉദാഹരണങ്ങളുണ്ട്. എഫ്‌സിആർഎയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ദീപിക മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ പിസി ജോർജ് അധിക്ഷേപ പരാമർശം നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞുവെന്നാണ് പിസി ജോർജ് ആരോപിച്ചത്. അദ്ദേഹം കാണിച്ചത് മര്യാദ കേടാണെന്നും സഭയ്ക്ക് ഗുണം ലഭിച്ചത് തന്നെ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘കാഞ്ഞിരപ്പള്ളി ബിഷപ്പ് ഒരു മര്യാദക്കാരനാണെന്നാണ് ജനം വിചാരിക്കുന്നത്. പക്ഷേ അയാൾ എന്താണ് ചെയ്തത്. മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു. മര്യാദ കേടല്ലേ, സഭ എന്ന് പറഞ്ഞാൽ യുഡിഎഫാണോ?. ഈ സഭയ്ക്ക് എന്തെങ്കിലും ഗുണം ലഭിച്ചിട്ടുണ്ടെങ്കിൽ അത് എന്നെ കൊണ്ടാണ്. എന്ത് കിട്ടിയിട്ടാണ് സഭ ഈ വൃത്തികെട്ട പണി ചെയ്യുന്നത്. നാണം കെട്ടവർ. സഭയെ അല്ല മെത്രാന്മാരെയാണ് തള്ളി പറയേണ്ടത്. ബോധവും വിവരവും വേണ്ടേ. രാഷ്ട്രീയം പറയുന്ന മെത്രാന്മാരെ രാഷ്ട്രീയക്കാരായി കാണും. അവരോട് രാഷ്ട്രീയമായി ഇടപെടും. പി സി ജോർജ് പറഞ്ഞു.