ജയലളിതയുടെ വിശ്വസ്തന്‍ പനീര്‍സെല്‍വം ഇനി സ്റ്റാലിനൊപ്പം

Feb 27, 2026 - 12:40
 0  4
ജയലളിതയുടെ വിശ്വസ്തന്‍ പനീര്‍സെല്‍വം ഇനി സ്റ്റാലിനൊപ്പം

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുൻ കോ-ഓർഡിനേറ്ററുമായിരുന്ന ഒ. പനീർസെൽവം (ഒപിഎസ്) ഔദ്യോഗികമായി ഡിഎംകെയിൽ ചേർന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. ഡിഎംകെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സ്റ്റാലിന്റെ നേതൃത്വത്തിൽ പനീർസെൽവത്തിന് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.

 ഡിഎംകെ പ്രവേശത്തിന് പിന്നാലെ തന്റെ നിലവിലുള്ള എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഏറെ കാലമായി അണ്ണാഡിഎംകെ നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു പനീർസെൽവം. ഇടക്കാലത്ത് എൻഡിഎ സഖ്യത്തിനൊപ്പം ചേർന്നെങ്കിലും പിന്നീട് ആ മുന്നണി വിടുകയാണുണ്ടായത്. രാഷ്ട്രീയമായി തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന എഐഎഡിഎംകെ നേതൃത്വത്തോട് താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് അദ്ദേഹം മുൻപ് പരസ്യമായി ചോദിച്ചിരുന്നു.

ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയാകാൻ തനിക്ക് താല്പര്യമില്ലായിരുന്നുവെന്നും മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ആ പദവി ഏറ്റെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.

മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ തന്നെ അപമാനിച്ച് ആ സ്ഥാനത്ത് നിന്ന് പുറത്താക്കാനാണ് പാർട്ടിയിലെ ഒരു വിഭാഗം ശ്രമിച്ചതെന്ന് പനീർസെൽവം ആരോപിച്ചു. അണ്ണാഡിഎംകെയിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനകൾക്കും രാഷ്ട്രീയ വെല്ലുവിളികൾക്കും ഒടുവിലാണ് ഒപിഎസ് ഇപ്പോൾ ദ്രാവിഡ രാഷ്ട്രീയത്തിലെ മറുപക്ഷമായ ഡിഎംകെയിലേക്ക് എത്തിയിരിക്കുന്നത്.

ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍ അവര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ രണ്ട് തവണ ജയലളിത തിരഞ്ഞെടുത്തതും, മൂന്ന് തവണ എഐഎഡിഎംകെ മുഖ്യമന്ത്രിയായ വ്യക്തിയുമാണ് പനീര്‍സെല്‍വം.