തടവുകാരെ കൈമാറി റഷ്യയും യുക്രെയ്നും; 32 മണിക്കൂർ വെടിനിർത്തൽ പ്രാബല്യത്തിൽ

Apr 11, 2026 - 19:49
 0  4
തടവുകാരെ കൈമാറി റഷ്യയും യുക്രെയ്നും; 32 മണിക്കൂർ വെടിനിർത്തൽ പ്രാബല്യത്തിൽ

യുഎഇയുടെ ക്രിയാത്മകമായ ഇടപെടലിനെത്തുടർന്ന് റഷ്യയും യുക്രെയ്നും തടവുകാരെ കൈമാറി. ഇരു രാജ്യങ്ങളിൽ നിന്നുമായി 175 പേരെ വീതമാണ് വിട്ടയച്ചത്. ഈ വർഷം നടക്കുന്ന മൂന്നാമത്തെ തടവുകാരുടെ കൈമാറ്റമാണിതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി സ്ഥിരീകരിച്ചു. തിരിച്ചെത്തിയവരിൽ സൈനികരും അതിർത്തി രക്ഷാസേനാംഗങ്ങളും ഏഴ് സാധാരണക്കാരും ഉൾപ്പെടുന്നു. ഇവരിൽ ഭൂരിഭാഗം പേരും 2022 മുതൽ റഷ്യയുടെ തടവിലായിരുന്നു.

ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രഖ്യാപിച്ച 32 മണിക്കൂർ വെടിനിർത്തലിന് പിന്നാലെയാണ് ഈ നിർണ്ണായക കൈമാറ്റം നടന്നത്. മോചിപ്പിക്കപ്പെട്ട റഷ്യൻ സൈനികർ നിലവിൽ ബെലാറസിലാണെന്നും അവർക്ക് ആവശ്യമായ വൈദ്യസഹായവും മാനസിക പിന്തുണയും നൽകിവരികയാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിച്ച വെടിനിർത്തൽ ഏപ്രിൽ 12 വരെ തുടരും.

റഷ്യ പ്രഖ്യാപിച്ച വെടിനിർത്തലിനെ ജാഗ്രതയോടെയാണ് യുക്രെയ്ൻ കാണുന്നത്. റഷ്യയുടെ നടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും കരാർ ലംഘനമുണ്ടായാൽ കർശനമായി തിരിച്ചടിക്കുമെന്നും സെലെൻസ്‌കി മുന്നറിയിപ്പ് നൽകി