പന്നിയുടെ വൃക്ക സ്വീകരിച്ച റിച്ചാര്‍ഡ് സ്ലേമാന്‍ മരണത്തിന് കീഴടങ്ങി

പന്നിയുടെ വൃക്ക സ്വീകരിച്ച റിച്ചാര്‍ഡ് സ്ലേമാന്‍ മരണത്തിന് കീഴടങ്ങി

 ജനിതകമാറ്റം വരുത്തിയ ന്നിയുടെ വൃക്ക സ്വീകരിച്ച, വൃക്ക  മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ 62കാരന്‍ മരണത്തിന് കീഴടങ്ങി. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷമാണ് അമേരിക്കന്‍ സ്വദേശി റിച്ചാര്‍ഡ് സ്ലേമാന്റെ മരണം. ശനിയാഴ്ചയാണ് സ്ലേമാന്റെ മരണം സ്ഥിരീകരിച്ചത്.

മാര്‍ച്ച്‌ 21ന് മസാച്യുസെറ്റ്‌സ് ആശുപത്രിയിലായിരുന്നു വൃക്കരോഗിയായിരുന്ന റിച്ചാര്‍ഡ് സ്ലേമാന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ലോകചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായിരുന്നു ജീവിച്ചിരിക്കുന്ന ഒരാളിലേക്ക് പന്നിയുടെ വൃക്ക മനുഷ്യനില്‍ മാറ്റിവെച്ച ശസ്ത്രക്രിയ. നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വൃക്ക മാറ്റിവെച്ചത്.

രണ്ടാഴ്ചക്കു ശേഷമാണ് ആശുപത്രി അധികൃതര്‍ ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍, റിച്ചാര്‍ഡിന്റെ മരണകാരണം വ്യക്തമല്ല. അവയവം മാറ്റിവെച്ചതു മൂലമുള്ള പ്രശ്‌നങ്ങളല്ല മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

നേരത്തെ, പരീക്ഷണാര്‍ഥം മസ്തിഷ്‌ക മരണം സംഭവിക്കുന്നവരിലേക്ക് പന്നിയുടെ വൃക്കകള്‍ താത്ക്കാലികമായി മാറ്റിവെച്ചിരുന്നു. കൂടാതെ, മറ്റു രണ്ടുപേര്‍ക്ക് പന്നികളില്‍നിന്ന് ഹൃദയം മാറ്റിവച്ചും പരീക്ഷണം നടത്തി. എന്നാല്‍ ഇരുവരും മാസങ്ങള്‍ക്കുശേഷം മരിച്ചു.