റഷ്യയില്‍ അണക്കെട്ട് തകര്‍ന്ന് 6000 വീടുകള്‍ മുങ്ങി: അഞ്ച് മരണം

റഷ്യയില്‍ അണക്കെട്ട് തകര്‍ന്ന്  6000 വീടുകള്‍ മുങ്ങി: അഞ്ച്  മരണം

റിണ്‍ബർഗ് മേഖലയില്‍ അണക്കെട്ട് തകർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 4500 പേരെ രക്ഷപ്പെടുത്തിയതായി റഷ്യ. 5 പേർ മരിച്ചു. രക്ഷപ്പെടുത്തിയവരില്‍ 1100 പേർ കുട്ടികളാണ്. 6000 വീടുകള്‍ വെള്ളത്തില്‍ മുങ്ങി. മഞ്ഞ് ക്രമാതീതമായി ഉരുകി ജലനിരപ്പ് ഉയർന്നതിനു പിന്നാലെ അണക്കെട്ട് തകർന്നു. പർവത നഗരമെന്ന് പേരുകേട്ട ഓർസ്കിലെ അണക്കെട്ടിന്റെ ഒരു ഭാഗമാണ് തകർന്നത്.

ക്രമാതീതമായി മഞ്ഞ് ഉരുകിയതോടെ ഉറല്‍ നദിയില്‍ അപ്രതീക്ഷിതമായ ജലപ്രവാഹം ഉണ്ടായി. തുടർന്ന് അണക്കെട്ട് തകർന്നു. വലിയ യന്ത്രഭാഗങ്ങള്‍ ഉപയോഗിച്ച്‌ അണക്കെട്ടിന്റെ തകർന്ന ഭാഗങ്ങള്‍ ഉയർത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

ഇതിനിടെ വെള്ളം കുതിച്ചെത്തിയതോടെ പ്രളയക്കെടുതിയിലായ യുറാല്‍ പർവത മേഖലയില്‍ നിന്നും അടിയന്തരമായി ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. നേരത്തേ ഒറിണ്‍ബർഗ് മേഖലയില്‍ മഞ്ഞുരുകുന്നത് മൂലം പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളപ്പൊക്ക മേഖലയില്‍ നാലായിരം വീടുകളും പതിനായിരത്തോളം താമസക്കാരും ഉണ്ട്.

സംഭവത്തില്‍ റീജിയണല്‍ പ്രോസിക്യൂട്ടർ അന്വേഷണം പ്രഖ്യാപിച്ചു. 82,200 പേരെ താമസിപ്പിക്കാൻ ശേഷിയുള്ള 482 ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചു.

2014ല്‍ അണക്കെട്ട് നിർമിച്ച ഉദ്യോഗസ്ഥർക്കെതിരെ അശ്രദ്ധയ്ക്കും നിർമാണ സുരക്ഷാനിയമങ്ങളുടെ ലംഘനത്തിനും റഷ്യ ക്രിമിനല്‍ അന്വേഷണ നടപടികള്‍ ആരംഭിച്ചു.യുറല്‍ നദിയുടെ ജലനിരപ്പ് 855 സെന്റീമീറ്റർ ഉയർന്നിട്ടുണ്ടെന്നും ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്