അഴിമതിയും കൈക്കൂലിയും തുടച്ചുനീക്കും, എഐ സർവ്വകലാശാല! തമിഴ്നാട്ടിൽ വൻ വാഗ്ദാനങ്ങളുമായി വിജയ്
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കന്യാകുമാരിയിൽ നടന്ന പ്രചാരണ പരിപാടിയിൽ നിർണ്ണായക വാഗ്ദാനങ്ങളുമായി തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്. സംസ്ഥാനത്തെ അഴിമതിയും കൈക്കൂലിയും പൂർണ്ണമായും തുടച്ചുനീക്കുമെന്നതാണ് വിജയ്‌യുടെ പ്രധാന പ്രഖ്യാപനം.
സർക്കാർ സേവനങ്ങൾക്കായി ജനങ്ങൾ ഓഫീസുകൾ കയറുന്നതിന് പകരം, സഹായങ്ങൾ വീട്ടുപടിക്കൽ എത്തുന്ന സംവിധാനം നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. മുൻപ് നടൻ രജനികാന്ത് വിഭാവനം ചെയ്തതുപോലെ ഭരണസംവിധാനത്തിലെ അപാകതകൾ പരിഹരിച്ച് സുതാര്യമായ ഒരു ‘സിസ്റ്റം’ കൊണ്ടുവരുമെന്നാണ് വിജയ് വാഗ്ദാനം ചെയ്യുന്നത്.
സാങ്കേതിക വിദ്യയ്ക്ക് മുൻതൂക്കം നൽകുന്ന ഭരണപരിഷ്കാരങ്ങളാണ് വിജയ് മുന്നോട്ട് വെക്കുന്നത്. തമിഴ്നാടിനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആഗോള തലസ്ഥാനമാക്കി മാറ്റുമെന്നും സംസ്ഥാനത്ത് ഒരു എഐ സർവ്വകലാശാല സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിന് പുറമെ സേലം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ എഐ ഇന്നൊവേഷൻ സെന്ററുകൾ ആരംഭിക്കും. ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ, പത്തു ലക്ഷം പേർ ഒപ്പിട്ട പരാതികൾ നിയമസഭയിൽ ചർച്ച ചെയ്യുമെന്നും മാസത്തിലൊരിക്കൽ നിയമസഭയിൽ ഒരു ദിവസം ജനങ്ങളുടെ പരാതികൾക്കായി മാറ്റിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു