ശബരിമല സ്വര്‍ണക്കവർച്ച; ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ: നടന്നത് വന്‍ ഗൂഢാലോചനയെന്ന് മൊഴി

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ കസ്റ്റഡിയിലായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് കേസുകളിലാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ 2:30 നാണ് പ്രത്യേകസംഘം തിരുവനന്തപുരം ഓഫീസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് വൈദ്യ പരിശോധനക്കായി കൊണ്ടുപോയി.
അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ 30 വരെയാണ് പോറ്റിയെ കസ്റ്റഡിയില്‍ വിട്ടത്. റാന്നി കോടതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.കേസില്‍ പോറ്റിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, അതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ട് എസ്ഐടി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് എസ്ഐടി കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയിലെ അടച്ചിട്ട മുറിയിലാണ് കേസിന്റെ നടപടികള്‍ നടന്നത്. സ്ഐടിയുടെ ആദ്യ തെളിവെടുപ്പ് ബെംഗളുരുവിലായിരിക്കുമെന്നാണ് സൂചന.അതിനിടയിൽ അഭിഭാഷകനോട് സംസാരിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് 10 മിനിറ്റ് സമയം നൽകി.
ഇന്നലെ രാവിലെ പുളിമാത്തെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത പോറ്റിയെ ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫിസിൽ എസ്പി പി ബിജോയിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയായിരുന്നു. 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ നിർണായക വിവരങ്ങളും രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ.
എസ്ഐടി അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് കേസിൽ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ദേവസ്വം വിജിലൻസ് സംഘം നേരത്തേ 2 തവണയായി 8 മണിക്കൂർ ചോദ്യം ചെയ്തിരുന്നെങ്കിലും ഉണ്ണിക്കൃഷ്ണൻ പോറ്റി കാര്യമായൊന്നും വെളിപ്പെടുത്തിയിരുന്നില്ല.
ശബരിമലയിലെ ശ്രീകോവിലിൻ്റെ കട്ടിളപ്പലിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വർണക്കൊള്ളയിലാണ് അറസ്റ്റ്. രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. പ്രത്യേക സംഘത്തിന് നേതൃത്വം കൊടുക്കുന്ന എസ്പി ശശിധരൻ്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ കുരുക്കിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി . നടന്നത് വന്‍ ഗൂഢാലോചനയെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കി. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഇടപാടുകാരായിരുന്ന കല്‍പേഷിനെ കൊണ്ടുവന്നതെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സറായി അപേക്ഷ നല്‍കിയതു മുതല്‍ ഗൂഢാലോചന തുടങ്ങിയെന്നാണ് വിവരം. ചില ഉദ്യോഗസ്ഥരുടെ പേര് അടക്കം പോറ്റി എസ്ഐടിയോട് പറഞ്ഞതായാണ് വിവരം.