കെഎസ്ആർടിസിക്ക് ഇനി കസ്റ്റമർ കെയർ നമ്പറും എഐ അധിഷ്ഠിത വാട്സാപ്പ് ടിക്കറ്റും
തിരുവനന്തപുരം: എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുമെന്നു ഗതാഗത മന്ത്രി സി.പി. ജോൺ. കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന 149 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പർ, നവീകരിച്ച കൊറിയർ സർവീസ് എന്നിവ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ധന വകുപ്പിന്‍റെ പിന്തുണ ലഭിക്കുന്നുണ്ട്. ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്യുന്ന സംവിധാനം തുടരും. സ്ത്രീകൾക്കായുള്ള പ്രിയദർശിനി പദ്ധതി കൂടുതൽ ജനകീയമാകുകയാണെന്നും പുതിയ എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റിങ് സംവിധാനത്തിലൂടെ യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ മാസവും മികച്ച ഡ്രൈവർ, കണ്ടക്റ്റർ എന്നിവരെ തെരഞ്ഞെടുക്കുന്ന പദ്ധതി ആരംഭിച്ചു. കോർപ്പറേഷന്‍റെ വികസനത്തിനും ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനും എംഎൽഎമാരുടെ നേതൃത്വത്തിൽ ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്‍റ് കമ്മിറ്റികൾ രൂപീകരിച്ചുവരികയാണ്. ജനകീയവത്കരണവും വികേന്ദ്രീകരണവും ലക്ഷ്യമിട്ട് കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.