ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ടെന്ന് ധനമന്ത്രി മറന്നു; കേന്ദ്ര ബജറ്റിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി4
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട് എന്ന വസ്തുത കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബോധപൂർവ്വം വിസ്മരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണ്ണമായും തഴയപ്പെട്ടു. ഫിനാൻസ് കമ്മീഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം നിരാകരിക്കുകയും 41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാൻ തീരുമാനിക്കുകയും ചെയ്തത് ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന നടപടിയാണ്. ഈ അവഗണനയ്ക്ക് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ മറുപടി പറയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൂർണ്ണമായും നവലിബറൽ സാമ്പത്തിക യുക്തിയെ പുൽകുന്ന ഈ ബജറ്റ് കോർപ്പറേറ്റുകളെ കൊഴുപ്പിക്കാനും സാധാരണക്കാരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുന്നതിനുമുള്ള നയരേഖയാണ്. കേന്ദ്ര വിഹിതമായ ഡിവിസിബിൾ പൂളിൽ നിന്നും കേരളത്തിന് അർഹമായത് നൽകുന്നില്ല എന്ന് മാത്രമല്ല, റവന്യൂ ഡെഫിസിറ്റ് ഗ്രാന്റുകൾ തുടരേണ്ടതില്ലെന്ന തീരുമാനം വഴി സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനാണ് കേന്ദ്ര ശ്രമം.
ഗ്രാൻ്റുകളുടെ കാര്യത്തിൽ മൊത്തത്തിൽ വലിയ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. 2021-ൽ 2.2 ലക്ഷം കോടി രൂപയായിരുന്ന ഗ്രാൻ്റ് ഇപ്പോൾ 1.4 ലക്ഷം കോടി രൂപയായി കുറഞ്ഞു.
ജനസംഖ്യാ നിയന്ത്രണത്തിലും ആഭ്യന്തര വരുമാന വളർച്ചയിലുംകേരളം കൈവരിച്ച നേട്ടങ്ങളെ മുൻനിർത്തി നികുതി വിഹിതത്തിൽ വന്ന ചെറിയ വർദ്ധനവ് സംസ്ഥാനത്തിന്റെ അർഹതപ്പെട്ട അവകാശം മാത്രമാണ്. എന്നാൽ ഗ്രാന്റുകൾ നിഷേധിക്കുന്നതിലൂടെ കേന്ദ്രത്തിൽ നിന്നുള്ള മൊത്തം വിഹിതത്തിൽ തത്വത്തിൽ വർദ്ധനവുണ്ടാകുന്നില്ല എന്നത് ഗൗരവകരമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.