സ്വർണ പാളി വിവാദം; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികളുടെ ദുരൂഹ ഇടപാടുകള്‍; പ്രമുഖർക്കൊപ്പമുള്ള ചിത്രം പുറത്ത്

തിരുവനന്തപുരം: ശബരിമലയിലെ വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്ലേഡ് പലിശയ്ക്ക് പണം നല്‍കി പലയിടത്തും ഭൂമി ഏറ്റെടുത്തുവെന്നാണ് വിവരം. മൂന്നു വര്‍ഷത്തിനിടെ 30 കോടിയിലേറെ രൂപയുടെ ഭൂമിക്കച്ചവടം നടത്തിയതായാണ് റിപ്പോര്‍ട്ട്. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും ഭൂമി രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. തലസ്ഥാനത്തു തന്നെ കോടികളുടെ ഇടപാടുകളാണ് നടത്തിയത്.
2020 നും 2025 നുമിടയിലാണ് കോടികളുടെ ഇടപാടു നടന്നതെന്നാണ് വിലയിരുത്തല്‍. ബംഗലൂരുവിലും ഭൂമി ഇടപാടുകള്‍ നടന്നതായി റിപ്പോർട്ടുണ്ട്. ഉന്നതരുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നാണ് വിവരം. ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങളെടുക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക സന്ദര്‍ഭങ്ങളുണ്ടാക്കുകയായിരുന്നുവെന്നാണ് നിഗമനം. മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി റവാഡ ചന്ദ്രശേഖര്‍, മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തു വന്നത്.