നിമിഷപ്രിയയുടെ മോചനം; നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: യെമനിലെ ജയിലിൽ തടവിലുള്ള നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്ഥനെ നിയമിച്ചതായി കേന്ദ്രം. സുപ്രീംകോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. ആരാണ് പുതിയ മധ്യസ്ഥനെന്ന് വെളിപ്പെടുത്തിയിട്ടില്ല. കെഎ പോൾ ആണോ പുതിയ മധ്യസ്ഥൻ എന്ന് ചോദ്യത്തിന് അദ്ദേഹം അല്ലെന്നും പുതിയ ആളാണെന്നുമാണ് സർക്കാർ മറുപടി നൽകിയത്.
നിമിഷപ്രിയയുടെ ജീവന് യാതൊരു ഭീഷണിയുമില്ലെന്നും, ചർച്ചകൾ പുരോഗമിക്കുകയാണെന്നും, നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കേന്ദ്രം അറിയിച്ചു. കേസ് ജനുവരിയിലേക്ക് മാറ്റിയെങ്കിലും, അതിനിടയിൽ പുതിയ സംഭവങ്ങൾ ഉണ്ടായാൽ കോടതി പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നെങ്കലും ചർച്ചകളെ തുടർന്ന് ഇത് മാറ്റിവെക്കുകയായിരുന്നു.