സി.ജെ. റോയിക്ക് വിട; അന്ത്യവിശ്രമം ബെന്നാർഘട്ടയിലെ സ്വന്തം റിസോർട്ടിൽ

Feb 1, 2026 - 19:10
Feb 1, 2026 - 19:16
 0  4
സി.ജെ. റോയിക്ക്   വിട; അന്ത്യവിശ്രമം ബെന്നാർഘട്ടയിലെ  സ്വന്തം റിസോർട്ടിൽ

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ സംസ്‌കാരച്ചടങ്ങുകൾ ബെംഗളൂരുവിൽ നടന്നു. റോയിയ്ക്ക് ഏറെപ്രിയപ്പെട്ട  സ്വന്തം റിസോർട്ടായ ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ കാസ്കേഡാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമയിടമായി കുടുംബാംഗങ്ങൾ തിരഞ്ഞെടുത്തത്. തനിക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് കാസ്കേഡെന്ന്  റോയ് നിരവധി അഭിമുഖങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

ബിസിനസ് രം​ഗത്ത്  വ്യക്തിമുദ്ര പതിപ്പിച്ച റോയിയെ അവസാനമായി ഒരുനോക്ക് കാണാൻ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരടക്കം ആയിരങ്ങളാണ് ബന്നാർഘട്ടയിലെത്തിയത്. റോയിയുടെ അമ്മ, ഭാര്യ, സഹോദരൻ, മക്കൾ എന്നിവരുൾപ്പെടെയുള്ള പ്രിയപ്പെട്ടവർ കണ്ണീർ ചുംബനമേകി അദ്ദേഹത്തെ യാത്രയാക്കി. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയായിരുന്നു റിസോർട്ടിലെ പൊതുദർശനം. 2.30-ന് കാൽക്കരെ സെയ്ന്റ് ജോസഫ്‌സ് പള്ളിയിൽ സംസ്കാരശുശ്രൂഷ നടത്തി. തുടർന്ന് കാസ്കേഡ് റിസോർട്ടിലേയ്ക്ക് ഭൗതീക ശരീരമെത്തിച്ച് അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി.


ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ വെള്ളിയാഴ്ചയാണ് റോയ് (57) സ്വയം വെടിവെച്ച് മരിച്ചത്. മരണം അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) രൂപം നൽകിയിട്ടുണ്ട്.