ആനക്കൊമ്പ് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍; വനംവകുപ്പിന് അപേക്ഷ നല്‍കി
ആനക്കൊമ്പ് കേസില്‍ നിര്‍ണായക നീക്കവുമായി നടന്‍ മോഹന്‍ലാല്‍. തന്റെ കൈവശമുള്ള ആനക്കൊമ്പ് വനം വകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് താരം. ഇത് സംബന്ധിച്ച മോഹന്‍ലാല്‍ വനം വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. കാര്‍ത്തിക് ഐ എഫ് എസിന് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ മോഹന്‍ലാല്‍ അപേക്ഷ നല്‍കിയിരുന്നു എന്നാണ് വിവരം.
മോഹന്‍ലാലിന്റെ അപേക്ഷ തുടര്‍ നടപടികള്‍ക്കായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറിയിരിക്കുകയാണ്. ഹൈക്കോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്ന് വനം വകുപ്പ് ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം പ്രഖ്യാപിച്ചിരുന്നു. ഈ സംവിധാനം ഉപയോഗിച്ചാണ് മോഹന്‍ലാല്‍ തന്റെ കൈവശമുള്ള ആനക്കൊമ്പ് സറണ്ടര്‍ ചെയ്യാന്‍ ഒരുങ്ങുന്നത്. മോഹന്‍ലാല്‍ അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെ വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൊച്ചിയിലെ ലാലിന്റെ വസതിയിലെത്തിഇത് സംബന്ധിച്ച അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കിയതായാണ് വിവരം.
നേരത്തെ മോഹന്‍ലാലിന്റെ കൈവശമുള്ള രണ്ട് ജോഡി ആനക്കൊമ്പുകള്‍ക്കും ആനക്കൊമ്പില്‍ തീര്‍ത്ത 13 കരകൗശലവസ്തുക്കള്‍ക്കും ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.