കേരളത്തിന് ആശ്വാസം; 13,600 കോടി കടമെടുക്കാന്‍ അനുമതി നല്കി കേന്ദ്രം

കേരളത്തിന് ആശ്വാസം; 13,600 കോടി കടമെടുക്കാന്‍ അനുമതി നല്കി കേന്ദ്രം
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ കേരളത്തിന് സുപ്രീംകോടതിയില്‍ ആശ്വാസം. 13,600 കോടി കടമെടുക്കാന്‍ കേരള സര്‍ക്കാരിന് കേന്ദ്രം അനുമതി നല്‍കി.
കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിന്‍റെ നടപടിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്.

ഈ സാമ്ബത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച്‌ 31ന് മുന്‍പ് സംസ്ഥാനത്തിന് കടമെടുക്കാന്‍ അര്‍ഹതയുള്ളത്13,608 കോടി രൂപയാണ്. ഈ തുക കടമെടുക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിന് അടിയന്തരമായി നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. കേന്ദ്രം നിർദ്ദേശിച്ച തുക സ്വീകാര്യമാണെന്ന് കേരളം അറിയിച്ചു. ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സുപ്രീം കോടതിയില്‍ സംസ്ഥാനം നല്‍കിയിരിക്കുന്ന ഹര്‍ജി പിന്‍വലിച്ചാല്‍ മാത്രമേ ഈ തുക എടുക്കാന്‍ സംസ്ഥാനത്തിന് അധികാരം നല്‍കാന്‍ കഴിയൂ എന്നായിരുന്നു കേന്ദ്രനിലപാട്. എന്നാല്‍ ഇതിനെ സുപ്രീം കോടതി വിമര്‍ശിച്ചു. കേസുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള അധികാരം കേരളത്തിനുണ്ടെന്നും സംസ്ഥാനത്തിന്‍റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.

26,000 കോടി രൂപ കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം. 15,000 കോടി കൂടി വേണ്ടി വരുമെന്ന് അറിയിച്ചപ്പോള്‍ ബാക്കി തുകയ്ക്ക് കേന്ദ്രവും കേരളവും ചർച്ച ചെയ്യാൻ കോടതി നിർദേശിച്ചു. ഇക്കാര്യം കേന്ദ്രവും കേരളവും അംഗീകരിച്ചു.