ഗൾഫ് രാജ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
ടെഹ്റാൻ : ഗൾഫ് രാജ്യങ്ങൾക്ക് നേരെ വീണ്ടും ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് വ്യക്തമാക്കി ഇറാൻ. വരും മണിക്കൂറുകളിൽ ഗൾഫ് രാജ്യങ്ങളിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ എണ്ണ, വാതക അടിസ്ഥാന സൗകര്യങ്ങൾ ഇസ്ലാമിക് റിപ്പബ്ലിക് ആക്രമിക്കുമെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു.
സൗദി അറേബ്യയിലെ സമ്രെഫ് റിഫൈനറി, ജുബൈൽ പെട്രോകെമിക്കൽ കോംപ്ലക്സ്, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അൽ ഹോസ്ൻ ഗ്യാസ് ഫീൽഡ്, ഖത്തറിലെ മിസൈദ് പെട്രോകെമിക്കൽ കോംപ്ലക്സ്, മിസൈദ് ഹോൾഡിംഗ് കമ്പനി, റാസ് ലഫാൻ റിഫൈനറി എന്നിവയ്ക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. “ഈ കേന്ദ്രങ്ങൾ നേരിട്ടുള്ളതും നിയമാനുസൃതവുമായ ലക്ഷ്യങ്ങളായി മാറിയിരിക്കുന്നു, വരും മണിക്കൂറുകളിൽ ഇവയും ലക്ഷ്യമിടുന്നു. അതിനാൽ, എല്ലാ പൗരന്മാരോടും താമസക്കാരോടും ജീവനക്കാരോടും ഉടൻ തന്നെ ഈ പ്രദേശങ്ങൾ വിട്ട് കാലതാമസമില്ലാതെ സുരക്ഷിതമായ ദൂരത്തേക്ക് മാറാൻ അഭ്യർത്ഥിക്കുന്നു,” എന്ന് ഇറാൻ മുന്നറിയിപ്പ് സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ബുധനാഴ്ച തങ്ങളുടെ സൗത്ത് പാർസ് ഗ്യാസ് പാടവും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കപ്പെട്ടതായി ഇറാൻ പറഞ്ഞതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണത്തിന് ഒരുങ്ങുന്നതായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.