പുരുഷന്മാർക്കുമുണ്ട് അഭിമാനവും അന്തസും ; ജനന സർട്ടിഫിക്കറ്റിൽ യഥാർഥ പിതാവിൻ്റെ പേര് ചേർക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

Mar 3, 2026 - 19:12
 0  6
പുരുഷന്മാർക്കുമുണ്ട്  അഭിമാനവും അന്തസും ; ജനന സർട്ടിഫിക്കറ്റിൽ യഥാർഥ പിതാവിൻ്റെ പേര് ചേർക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

എറണാകുളം: സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും അഭിമാനവും അന്തസും സാമൂഹിക വ്യക്തിത്വവും ഉണ്ടെന്ന് ഹൈക്കോടതി. വിവാഹേതര ബന്ധത്തിൽ ജനിച്ച കുട്ടിയുടെ പിതാവിൻ്റെ പേര് രേഖകളിൽ തിരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ പ്രത്യേക പരാമർശം. തുടർന്ന് ജനന സർട്ടിഫിക്കറ്റിൽ യഥാർഥ പിതാവിൻ്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

മുൻ ഭാര്യയുടെ ഹർജിയിൽ യാതൊരു എതിർപ്പും ഉന്നയിക്കാതിരുന്ന മുൻ ഭർത്താവിൻ്റെ മാന്യതയെ ഹൈക്കോടതി പ്രശംസിച്ചു. ഇത്തരമൊരു ബന്ധത്തിൽ ജനിച്ച കുട്ടിയെ സമൂഹമധ്യത്തിൽ അപമാനിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ഇത് അദ്ദേഹത്തിൻ്റെ നല്ല സ്വഭാവത്തെയാണ് കാണിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

സാധാരണയായി ഭർത്താവിനാണ് വിവാഹേതര ബന്ധമുള്ളതെങ്കിൽ അത് വലിയ വാർത്തയും വിവാദവുമാകും. അയാളെ ഭാര്യയും അവരുടെ കുടുംബവും കഴിയുന്നത്ര അപമാനിക്കാൻ ശ്രമിക്കും. എന്നാൽ ഇവിടെ കഥ മറ്റൊരു വഴിക്കാണ്. ഇത്തരം സാഹചര്യങ്ങളിൽ പുരുഷന്മാർക്കും സമൂഹത്തിൻ്റെ പിന്തുണ ആവശ്യമാണ്. കാരണം, അവർക്കും അഭിമാനവും അന്തസും സാമൂഹിക വ്യക്തിത്വവുമുണ്ടെന്ന് ജസ്‌റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണൻ വ്യക്തമാക്കി.

ഒന്നാം ഹർജിക്കാരിയായ തൃശൂർ സ്വദേശിനിയും രണ്ടാം ഭർത്താവുമാണ് കുട്ടിയുടെ പിതാവിൻ്റെ പേര് രേഖകളിൽ തിരുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹൈക്കോടതിയെ സമീപിച്ചത്. തൃശൂർ സ്വദേശിനിയായ യുവതി 2006 ലാണ് വിവാഹിതയാകുന്നത്. ഭർത്താവ് ബെംഗളൂരുവിൽ അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന സമയത്ത് യുവതി തൃശൂർ അണ്ണല്ലൂരിലുള്ള മറ്റൊരാളുമായി പ്രണയത്തിലാകുകയായിരുന്നു. ആ ബന്ധത്തിൽ ഒരു പെൺകുട്ടി ജനിക്കുകയും ചെയ്‌തു.

എന്നാൽ 2017-ൽ ജനിച്ച ഈ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിൻ്റെ പേരിൻ്റെ സ്ഥാനത്ത് അക്കാലത്തെ ഭർത്താവിൻ്റെ പേരാണ് നൽകിയിരുന്നത്. കുട്ടി തൻ്റേതാണെന്ന വിശ്വാസത്തിൽ മുൻ ഭർത്താവ് ആറ് വർഷത്തോളം ഇവർക്കൊപ്പം കഴിയുകയും ചെയ്‌തു. പിന്നീട് സ്‌ത്രീ കുട്ടിയുമായി കാമുകനൊപ്പം ഇറങ്ങിപ്പോയി. പിന്നീട് ഇരുവരും പരസ്‌പര സമ്മതത്തോടെ കുടുംബക്കോടതിയിൽ നിന്ന് വിവാഹ മോചനം നേടുകയും ചെയ്‌തു. ഇതിന് ശേഷം സ്‌ത്രീ കാമുകനെ വിവാഹം കഴിച്ചു.

പിന്നീട് കുട്ടിയുടെ സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ്, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ യഥാർഥ പിതാവിൻ്റെ പേര് ചേർക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇത് തിരുത്തണമെന്നായിരുന്നു യുവതിയുടെയും കുട്ടിയുടെ അച്ഛൻ കൂടിയായ ഇപ്പോഴത്തെ ഭർത്താവിൻ്റെയും ആവശ്യം. തുടർന്നായിരുന്നു കോടതിയുടെ പ്രതികരണവും പേര് നീക്കാനുള്ള ഉത്തരവും.