യുഎഇയിലെ തുറമുഖ പ്രദേശങ്ങൾ വിട്ടുപോകാൻ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി ഇറാൻ
അബുദാബി : യുഎഇയിലെ തുറമുഖ പ്രദേശങ്ങൾ വിട്ടുപോകാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇറാൻ. യുഎഇയിലെ തുറമുഖങ്ങളിൽ ഉൾപ്പെടെ ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നതിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. ഖാർഗ് ദ്വീപിലെ യുഎസ് ആക്രമണത്തിനുള്ള പ്രതികാരമായി ഇറാൻ യുഎഇയിൽ ശക്തമായ ആക്രമണം നടത്തുമെന്നാണ് സൂചന.
എമിറാത്തി നഗരങ്ങളുടെ മറവിൽ യുഎസ് സേന ഉപയോഗിക്കുന്ന തുറമുഖങ്ങളും ഡോക്കുകളും ആക്രമിക്കാനുള്ള ‘നിയമപരമായ അവകാശം’ തങ്ങൾക്കുണ്ടെന്ന് ഇറാൻ വ്യക്തമാക്കി. യുഎഇയിലെ മൂന്ന് പ്രധാന തുറമുഖങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ആണ് ഏറ്റവും ഒടുവിലായി ഇറാൻ ജനങ്ങൾക്ക് അറിയിപ്പ് നൽകിയിരിക്കുന്നത്.
ഫുജൈറയിലെ ഊർജ്ജ സ്ഥാപനങ്ങൾക്ക് നേരെ ഇന്ന് ഇറാൻ ആക്രമണം നടത്തിയിരുന്നതായി സൂചനകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദുബായിലെ ജബൽ അലി തുറമുഖം, അബുദാബിയിലെ ഖലീഫ തുറമുഖം, ഫുജൈറ തുറമുഖം എന്നിവിടങ്ങളിൽ നിന്ന് ജനങ്ങളോട് മാറിത്താമസിക്കാൻ ഇറാൻ ആവശ്യപ്പെട്ടിരിക്കുന്നത്.